കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എം ബിജുവിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്


മേപ്പയ്യൂര്‍ : മണ്ണുമാന്തിയും ടിപ്പര്‍ ലോറിയും പിടികൂടിയതിന്റെ വിരോധത്തിന് മേപ്പയ്യൂര്‍ സ്വദേശിയും കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറുമായ ഇ.എം. ബിജുവിന്റെ വീട്ടിലെത്തി രാത്രി അക്രമിസംഘം വധഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. റൂറല്‍ ജില്ല പൊലീസ് മേധാവി എ. ശ്രീനിവാസന്റെ നിര്‍ദേശപ്രകാരം വടകര ഡി.വൈ.എസ്.പി. കെ.കെ. അബ്ദുല്‍ ഷെറീഫ് ഡെപ്യൂട്ടി തഹസില്‍ദാര്‍ താമസിക്കുന്ന നരക്കോട് എടപ്പങ്ങാട്ട് മീത്തല്‍ വീട്ടിലെത്തി വിവരങ്ങളാരാഞ്ഞു. ഡെപ്യൂട്ടി തഹസില്‍ദാരുടെ മകന്‍ വേദിക്കിനോട് നടന്ന സംഭവങ്ങള്‍ ചോദിച്ചറിഞ്ഞു.

നേരത്തെയുള്ള മഹസറും സി.സി.ടി.വി.യും പരിശോധിച്ചു. സമീപവാസികളോടും കാര്യങ്ങള്‍ തിരക്കി. ഇതുവരെ നടത്തിയ അന്വേഷണപുരോഗതി വിലയിരുത്തുകയും ഇനി ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. മേപ്പയൂര്‍ എസ്.എച്ച്.ഒ. കെ. ഉണ്ണികൃഷ്ണന്‍, എസ്.ഐ.മാരായ പി.വി. പ്രശോഭ്, വി. സതീശന്‍ എന്നിവരും ഡിവൈ.എസ്.പി.ക്ക് ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എം ബിജുവിന്റെ
നരക്കോട് എടപ്പങ്ങാട്ട് മീത്തല്‍ വീട്ടിലെത്തിയ നാലംഗ സംഘം ഗേറ്റ് തകര്‍ത്ത ശേഷം മുറ്റത്ത് നിന്ന് അസഭ്യമായ ഭാഷയില്‍ സംസാരിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങളാണ് ഭീഷണിപ്പെടുത്തിയതിന് കാരണമായി പറയുന്നത്. താലൂക്ക് പരിധിയിലെ കാഞ്ഞിക്കാവില്‍ നിന്ന് മണ്ണുമാന്തി യന്ത്രവും ടിപ്പര്‍ ലോറിയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സ്‌ക്വോഡ് പിടിച്ചെടുത്തിരുന്നു.താലൂക്ക് ഓഫീസില്‍ ഫൈന്‍ അടപ്പിച്ച ശേഷം വണ്ടി വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് പ്രതികള്‍ വീട്ടില്‍ കയറി ഭീഷണി മുഴക്കിയത്.

സംഭവത്തില്‍ മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ബാലുശ്ശേരി എരമംഗലം കൈതാല്‍ പ്രകാശന്‍ (34), കോക്കല്ലൂര്‍ പെരിയപറമ്പത്ത് രജീഷ് (39), കിഴക്കോളശ്ശേരി സജീഷ് (34), കോക്കല്ലൂര്‍ കോമത്ത് സുബിലേഷ് (38) എന്നിവരെ ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞദിവസം ആര്‍.ഡി.ഒ. സി. ബിജു നേരിട്ടെത്തി ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാര്യ ഇരിങ്ങത്ത് യു.പി. സ്‌കൂള്‍ അധ്യാപികയായ വിപുലയില്‍നിന്ന് സംഭവദിവസത്തെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലും അദ്ദേഹം പോയി കേസ് സംബന്ധമായ കാര്യങ്ങള്‍ തിരക്കി. വീട്ടിലെത്തി വധഭീഷണി മുഴക്കിയ അക്രമിസംഘത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിപുല ആര്‍.ഡി.ഒ. യോടാവശ്യപ്പെട്ടു.