കൊയിലാണ്ടി കന്നൂര്‍ തണ്ണീര്‍മലയില്‍ വന്‍ തീപിടിത്തം; അഞ്ചേക്കറോളം പുല്‍ക്കാടുകള്‍ കത്തിനശിച്ചു; തീപിടിച്ചത് സിഗരറ്റ് കുറ്റിയില്‍ നിന്നെന്ന് സംശയം (വീഡിയോ കാണാം)
കൊയിലാണ്ടി: കന്നൂര്‍ തണ്ണീര്‍മലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ അഞ്ചേക്കറോളം പുല്‍ക്കാടുകള്‍ കത്തി നശിച്ചു. ഇന്ന് പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ രണ്ട് യൂണിറ്റ് വാഹനവുമായി സ്ഥലത്തെത്തി. എന്നാല്‍ വാഹനം എത്താന്‍ പറ്റാത്ത മലയായത് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സേനാംഗങ്ങള്‍ മലകയറി മുകളിലെത്തി ഫയര്‍ ബ്രേക്ക് ചെയ്തും പച്ചിലത്തണ്ട് ഉപയോഗിച്ചും തീക്കെടുത്തുകയായിരുന്നു. പൊലീസും നാട്ടുകാരും സഹായത്തിനെത്തി.
വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു സംശയിക്കുന്നു. കൂടാതെ ഇവിടെ നിന്നും നാടന്‍ ചാരായം ഒഴിച്ചിരുന്ന കന്നാസും കണ്ടെത്തിയിട്ടുണ്ട്. സമൂഹ്യവിരുദ്ധരാണ് തീപ്പിടുത്തം ഉണ്ടാവാന്‍ കാരണമെന്നു സംശയിക്കുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.കെ ബാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹരീഷ് എം.എസ്, രാകേഷ്, ഇര്‍ഷാദ്, നിധിപ്രസാദ് ഇ.എം, സിജിത് സി, വിജീഷ് കെ.എം, അമല്‍രാജ് ഹോംഗാര്‍ഡുമാരായ സത്യന്‍, ഓംപ്രകാശ് എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.