കൊയിലാണ്ടിയെ ഞെട്ടിച്ച തട്ടിക്കൊണ്ടുപോകൽ; അന്വേഷണത്തിന് പ്രഗത്ഭരായ ഉദ്യോഗസ്ഥർ, സൂചനകൾ കൊടുവള്ളി സംഘത്തിലേക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് ഐപിഎസിന്‌റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് അന്വേഷണം നടത്തുന്നത്. വടകര ഡിവൈഎസ്പി ഷെരീഫിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ്, കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്. ദേശീയപാതയിലെ സിസിടിവി കാമറകളും മറ്റും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഇന്ന് രാവിലെ 6.30ഓടെയാണ് കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത് മീത്ത സ്വദേശി അഷ്‌റഫിനെ കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മാരുതി ഹെര്‍ട്ടിക കാറിലെത്തിയ അഞ്ചംഗസംഘം ബന്ധുക്കളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒന്നരമാസം മുന്‍പ് വിദേശത്തുനിന്നെത്തിയ ഇയാള്‍ സ്വര്‍ണക്കടത്തില്‍ കാരിയറായി പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് പറയുന്നു.