കൊയിലാണ്ടിയിൽ 128.25 കോടിയുടെ വികസന പദ്ധതികൾ; ഭവന നിർമ്മാണം, മാലിന്യ സംസ്കരണം, കുടിവെള്ളം, നഗര സൗന്ദര്യവൽക്കരണം എന്നിവയ്ക്ക് മുൻഗണന


കൊയിലാണ്ടി: ഭവന നിർമാണത്തിനും, സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നതിനും, തരിശ് രഹിത കാർഷികമേഖലക്കും, മാലിന്യ സംസ്കരണത്തിനും, കടലോര ശുചികരണത്തിനും, കോവിഡാനന്തര തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, നഗര സൗന്ദര്യ വത്കരണത്തിനും മുൻഗണന നൽകി 2021-22 വർഷത്തെ കൊയിലാണ്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യനാണ് ബജറ്റ് അവതരിപ്പിച്ചത്. ചെയർപേഴ്സൺ സുധ.കെ.പി അധ്യക്ഷത വഹിച്ചു.

പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട് ഇനിയും പൂർത്തീകരിക്കാത്ത 1000 വീടുകളുടെ പൂർത്തികരണത്തിനായി 40 കോടി രൂപ അനുവദിച്ചു. ഭൂരഹിത, ഭവനരഹിതരായവർക്ക് ഫ്ലാറ്റ് നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. സമഗ്ര കുടിവെള്ള പദ്ധതിക്കായി രണ്ടാം ഘട്ടം കിഫ്‌ബി പദ്ധതിയിൽ ഉൾപെടുത്തിയ 90 കോടി രൂപയുടെ പ്രവർത്തി പൂർത്തീകരിച്ച് നഗരത്തിലെ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കും.

സംസ്ഥാന സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ വെളിയെണ്ണൂർ ചല്ലി ഉൾപ്പെടയുള്ള തരിശ് ഭൂമികളിൽ കൃഷിയിറക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടാക്കും. സർക്കാർ ഫണ്ട്‌ ലഭ്യമാക്കി 1.5 കോടി രൂപ ചിലവിൽ ആധുനിക സ്മാശനം നിർമ്മിക്കും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡ്രൈനേജുകൾ നവീകരിച്ചു മലിനജലം സംസ്കരിക്കുന്നതിനായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. നഗരഹൃദയത്തിൽ ആധുനിക സൗകര്യത്തോടെ 20 കോടി രൂപ ചിലവിൽ നിർമിക്കുന്ന ബഹുനില ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവർത്തി പൂർത്തീകരിക്കും. കണ്ടൽ മ്യൂസിയും വിപുലീകരിച്ച് ഉന്നതനിലവാരത്തിലുള്ള പഠനകേന്ദ്രമാക്കി മാറ്റും. ഫിഷിങ് ഹാർബർ കേന്ദ്രികരിച്ച് ഹാർബർ ബേസ്ഡ് സംരംഭങ്ങൾ ആരംഭിക്കും.

താലൂക് ആശുപത്രിയിൽ മാതൃ ശിശു സംരക്ഷണകേന്ദ്രം, ആധുനിക ഓപ്പറേഷൻ തീയേറ്റർ, ട്രോമ കെയർ സംവിധാനം, എന്നിവ സ്ഥാപിച്ച് ജില്ലാ നിലവാരമുള്ള
ആശുപത്രിയാക്കി മാറ്റും. നടേരി മഞ്ഞളാടു കുന്നിൽ കളിസ്ഥലം യഥാർത്യമാക്കും. മുത്താമ്പിയിൽ ആധുനിക മത്സ്യമാർക്കറ്റ് നിർമ്മിക്കും.

കൊല്ലം മത്സ്യമാർക്കറ്റ് നിർമാണം പൂർത്തീകരിച്ചു തുറന്ന് കൊടുക്കും. നഗരത്തിൽ പാർക്കിംഗ് സൗകര്യം ഒരുക്കും, സെന്റർ ട്രാഫിക് പോയിന്റിന് അടുത്ത് നഗര മിനി പാർക്ക്‌ സ്ഥാപിക്കും. തീരദേശ പാർക്ക്‌ യഥാർഥ്യമാക്കും. മാലിന്യസംസ്കരണത്തിന് ശാസ്ത്രിയ സംവിധാങ്ങൾ ഒരുക്കി ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതി വ്യാപകമാക്കും. നഗരത്തിലും, ആനക്കുളം, കൊല്ലം, മുത്താമ്പി, കാവുംവട്ടം, പെരുവട്ടൂർ, കുറുവാങ്ങാട് എന്നിവിടങ്ങളിലും ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റുകളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കും.

സർക്കാർ ഫണ്ട്‌ ലഭ്യമാക്കി ആധുനിക അറവുശാല സ്ഥാപിക്കും. നഗര ഹൃദയത്തിൽ ഓപ്പൺ സ്റ്റേജും സാംസ്‌കാരിക കേന്ദ്രവും ആരംഭിക്കും. പന്തലായനിയിലും തീരദേശത്തും പകൽ വീടുകളും സാംസ്‌കാരിക കേന്ദ്രങ്ങളും നിർമ്മിക്കും. പരമ്പരാഗത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കും. വ്യവസായ എസ്റ്റേറ്റും, വ്യവസായ സംരഭകത്വ പഠനത്തിനായി വരക്കുന്നിൽ വ്യവസായ പഠന കേന്ദ്രവും സ്ഥാപിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി സി ടി വിയും സൗജന്യ വൈഫൈ സംവിധാനവും ഒരുക്കും.

കടലും കടലോരവും ശുജ്ജികരിക്കാൻ ശുചിത്വ സാഗരം ശുചിത്വ തീരം പദ്ധതികൾ നടപ്പിലാക്കും. സാംസ്‌കാരിക നിലയത്തിൽ ആർട്ട്‌ ഗാലറി സ്ഥാപിക്കും. കപ്പാട്, ഹാർബർ, മായൻ, കോളം കടപ്പുറം, പാറപ്പള്ളി, വെള്ളിയാങ്കല്ല്, പിഷാരികാവ്, നെല്യാടി, കണ്ടൽ മ്യൂസിയം, കണയം കോട് കേന്ദ്രീകരിച്ച് ട്യൂറിസം പദ്ധതി യാഥാർത്ഥ്യമാക്കും. എന്നിങ്ങനെ സമസ്ത മേഖലകളെയും സ്പർശിച്ച ബജറ്റാണ് അഡ്വ.കെ.സത്യൻ അവതരിപ്പിച്ചത്.