കൊയിലാണ്ടിയിൽ വീണ്ടും തട്ടിക്കൊണ്ടു പോകൽ; മുത്താമ്പി സ്വദേശിയായ പ്രവാസിയെ അർധരാത്രി അഞ്ചംഗസംഘം വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മുത്താമ്പി കാവുംവട്ടം റോഡിൽ തടോൽതാഴെ തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘം അർധരാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാത്രി 11.15 നാണ് സംഭവം. ഹനീഫയുടെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് പേരടങ്ങിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്.

തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ സംഘത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്നെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. എസ്പി, ഡിവൈഎസ്പി ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാത്രി തന്നെ കൊയിലാണ്ടിയിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.