കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി
തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊടുവള്ളി സ്വദേശികളായ കൂമുള്ളൻകണ്ടി നൗഷാദ് (31), താന്നിക്കൽ മുഹമ്മദ് സ്വാലിഹ് (38), കളത്തിക്കുംതൊടുവിൽ സൈഫുദ്ദീൻ (35) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

ജൂലൈ 14 ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇവരെ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകീട്ട് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേറ്റ് വശം ഹാജരാക്കുകയായിരുന്നു. ജൂലൈ 29 വരെയാണ് ഇവരെ റിമാൻഡ് ചെയ്തത്.

ഇവർ തട്ടി കൊണ്ടുപോകലിന് നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഘത്തിന് സഹായം ചെയ്തവരാണ് എന്നതാണ് പോലീസ് കണ്ടെത്തൽ. ഇവരിൽ നിന്നും പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോയ ശേഷം ഗുണ്ടാ സംഘത്തിൽ നിന്ന് ക്രൂര മർദ്ദനത്തിനിരയായ അഷ്റഫ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തി ഇന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍. ഇയാളെ കുന്നമംഗലത്തെ ഒരു വീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയും ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. മർദ്ദനത്തിൽ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തിരുന്നു. രാത്രി ചാത്തമംഗലത്തെ ഒരു മരമില്ലിൽ ഇറക്കിവിട്ടു. നിലവിൽ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസാണ് പൊലീസ് അന്വേഷിക്കുന്നത്. സ്വർണക്കടത്തിന്റെയും പൊട്ടിക്കലിന്റെയും വിശദാംശങ്ങൾ പൊലീസ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇന്നലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.