കൊയിലാണ്ടിയിൽ നിന്ന് വന്ന ആദ്യ കമ്മ്യൂണിസ്റ്റ് എംഎൽഎക്ക് അഭിവാദ്യങ്ങൾ; കെ.ആർ.ഗൗരിയമ്മയുടെ വാക്കുകൾ ഓർത്തെടുത്ത് പി.വിശ്വൻ മാസ്റ്റർ


പി.വിശ്വൻ മാസ്റ്റർ

ഇന്ന് കാലത്ത് ഗൗരിയമ്മയുടെ മരണവാർത്തയറിഞ്ഞത് മുതൽ സഖാവിനെ കുറിച്ചുള്ള ഓർമ്മകളാണ് മനസ്സുനിറയെ. കേരളത്തിൽ സമൂഹ്യ മുന്നേറ്റങ്ങൾക്കിടയാക്കിയ ഉജ്ജ്വലമായ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ, ഒരു നീണ്ട കാലഘട്ടം ഗൗരിയമ്മ നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്.

പത്താം കേരള നിയമസഭയിൽ സഖാവ് ഗൗരിയമ്മയോടൊപ്പം ഇരിക്കാനവസരം എനിക്കുണ്ടായിരുന്നു. അന്നവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമല്ല. നല്ല നാളെ കെട്ടിപടുക്കാനുള്ള പോരാട്ടത്തിൽ നിയമസഭയ്ക്കകത്തും പുറത്തും ഉയർന്നു പ്രവർത്തിക്കാൻ ഗൗരിയമ്മക്ക് കഴിഞ്ഞിട്ടുണ്ട്. കർഷക സമരങ്ങളിലും കർഷക മുന്നേറ്റങ്ങളിലുമുള്ള സഖാവിന്റെ പങ്ക് ചരിത്രത്തിൽ രേഖപ്പെടുത്തിയതാണ്.

1950 കാലഘട്ടങ്ങളിൽ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് ആശയം ഉയർത്തി പിടിച്ച് സഖാവ് നടത്തിയ പ്രവർത്തനങ്ങൾ ആർക്കും മറക്കാൻ കഴിയില്ല. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഗവൺമെന്റിൽ സഖാവ് ഇ.എം.എസിനൊപ്പം ശ്രദ്ധേയമായ ഭരണ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കിയ ഗൗരിയമ്മ ലോക ജനശ്രദ്ധ തന്നെ പിടിച്ചുപറ്റിയിരുന്നു.

ഞാൻ ആദ്യമായി നിയമസഭയിലെത്തിയപ്പോൾ കൊയിലാണ്ടിയിൽ നിന്നും വന്ന ആദ്യ കമ്മ്യൂണിസ്റ്റ് എം.എൽ.എക്ക് അഭിവാദനം എന്ന് പറഞ്ഞ് അഭിനന്ദിച്ച ആ സന്ദർഭം ഒരിക്കലും മറക്കാൻ കഴിയില്ല. അസുഖമായി കിടക്കുകയാണെന്ന വാർത്ത കേട്ടപ്പോൾ പോയി കാണണമെന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു. പക്ഷേ ഇത്തരത്തിലുള്ള ഒരന്തരീക്ഷത്തിൽ പോയി കാണാൻ കഴിഞ്ഞില്ല.

അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന നല്ല നാളെ കെട്ടിപ്പടുക്കാനായുളള പോരാട്ടത്തിന് നേതൃത്വമായി നിന്ന കേരളത്തിന്റെ ധീര വനിതയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നു.