കൊയിലാണ്ടിയിൽ നിന്ന് ഒരു പുതിയ സസ്യം കണ്ടെത്തി: ‘സൊണറില കാഞ്ഞിലശ്ശേരിയൻസിസ്’; കണ്ടെത്തിയത് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം പരിസരത്തു നിന്നും


കൊയിലാണ്ടി: കേരളത്തിൻ്റെ സസ്യ സമ്പത്തിലേക്ക് സ്വർണയില വിഭാഗത്തിൽ പെടുന്ന ഒരു പുതിയ സസ്യം കൂടി. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര പരിസരത്ത് നിന്നാണ് ഈ പുതിയ സസ്യത്തെ കണ്ടെത്തിയത്. ‘സൊണറില കാഞ്ഞിലശ്ശേരിയൻസിസ്’ എന്നാണ് ഈ സസ്യത്തിന് ശാസ്ത്രീയനാമം നൽകപ്പെട്ടത്.

പുതിയ സസ്യത്തെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഇംഗ്ലണ്ടിലെ നിന്ന് പ്രസിദ്ധീകരിക്കുന്നതും, ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനമായ റോയൽ ബൊട്ടാനിക്കൽ ഗാർഡൻൻ്റെ ഔദ്യോഗിക ജേർണലുമായ ‘ക്യൂ ബുള്ളറ്റിൻ’ ൻ്റെ പുതിയ ലക്കത്തിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സസ്യ വൈവിധ്യത്തിൽ പഠനങ്ങൾ നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്ന പി.ടി.അരുൺരാജ്, കോട്ടയം വാഴൂർ എൻ.എസ്.എസ്. കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന രേഷ്മ രാജു, പയ്യോളി സലഫി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സി.പി.വിഷ്ണു പ്രസാദ് എന്നിവർ ചേർന്നാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിനു മുൻപിൽ എത്തിച്ചത്. കിഴങ്ങുകൾ ഉണ്ടാവുന്ന ഈ സസ്യം ആളനക്കമില്ലാത്ത പറമ്പുകളിലും മതിലുകളിലും വസന്തകാലത്ത് പ്രത്യക്ഷപ്പെടുകയും വളരെ കുറച്ചു കാലം മാത്രം ജീവിച്ച് അപ്രത്യക്ഷമാവുകയും ചെയ്യുന്നതാണ്.

തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന സൊണറില റീഡി, സൊണറില സഹ്യാദ്രിക്ക, സൊണറില കേരളൻസിസ് എന്നീ സസ്യങ്ങളുമായി വളരെ അടുത്ത സാമ്യമുള്ളതാണ് പുതിയ സസ്യം. ‘സൊണറില എന്ന സസ്യ ജനുസിൽ 57 ഓളം സ്പീഷീസുകൾ ഇന്ത്യയിൽ ഉണ്ട്. അതിൽ ഭൂരിഭാഗവും തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതാണ്.

നനവേറിയ മണ്ണിലും, പാറക്കെട്ടുകളിലും, ചെങ്കൽ കുന്നുകളിലും, ആളനക്കം ഇല്ലാത്ത മതിലുകളിലും ജീവിക്കുന്നവയാണ് ഈ ജനുസിൽ പെടുന്ന സസ്യങ്ങൾ. ഇത്തരം ലോലമായ ആവാസവ്യവസ്ഥയുടെ നാശം ഈ ജനുസിലെ സസ്യങ്ങളുടെ നിലനിൽപ്പിനെ വലിയതോതിൽ ബാധിച്ചിരിക്കുകയാണ്’. പുതിയ സസ്യത്തെ കണ്ടെത്തിയ ഗവേഷകർ വിശദീകരിച്ചു.