കൊയിലാണ്ടിയിൽ നാർക്കോട്ടിക്ക് വിഭാഗത്തിൻ്റെ മിന്നൽ പരിശോധന; പിടികൂടിയത് 230 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങൾ


കൊയിലാണ്ടി: ലഹരി ഉൽപ്പന്നങ്ങൾക്കായി കൊയിലാണ്ടിയിൽ നാർകോട്ടിക് വിഭാഗത്തിന്റെ മിന്നൽ പരിശോധന. കൊയിലാണ്ടി ടൗണിലും പരിസരത്തും ഹാൻസ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 180 പാക്കറ്റ് ഹാൻസും 50 പാക്കറ്റ് മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഡി.വൈ.എസ്.പി.അശ്വിൻകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു മിന്നൽ പരിശോധന.

പ്രത്യേക പരിശീലനം ലഭിച്ച ആൽക്കഹോളിക് വിഭാഗത്തിലെ രാഗി, നാർകോട്ടിക് വിഭാഗത്തിലെ പ്രിൻസ് എന്നീ നായകളുടെ സഹായത്തോടെയായിരുന്നു പരിശോധന.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻറ്, പെട്ടിക്കടകൾ, മറ്റ് കടകൾ ,മാർക്കറ്റ്, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ഒരു പച്ചക്കറി കടയിലെ തട്ടിൻ്റെ അടിയിൽ നിന്നാണ് ലഹരി വസ്തുക്കളും 9380 രൂപയും പിടികൂടിയത്. ഇതേ തുടർന്ന് കൊരയങ്ങാട് തെരുപ്പറമ്പിൽ സജീവനെ (45 ) പോലീസ് കസ്റ്റഡിയിലെടുത്തു.

നാർകോട്ടിക് ഡി.വൈ.എസ്.പി. അശ്വിൻകുമാറിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി എസ്.ഐ എം.എൽ. അനൂപ്, കൊയിലാണ്ടി പൊലീസ്, പിങ്ക് പൊലീസ്, ജനമൈത്രി പൊലീസ് എന്നീ വിഭാഗങ്ങളടക്കം വൻ സന്നാഹത്തോടെയായിരുന്നു റെയ്ഡ് .

കൊയിലാണ്ടിയിൽ ഹാൻസ് എത്തിക്കുന്ന മുഖ്യകണ്ണിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഡി.വൈ.എസ്.പി. അശ്വിൻകുമാർ പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.