കൊയിലാണ്ടിയിൽ കിടപ്പ് രോഗികൾക്കുള്ള കോവിഡ് 19 വാക്‌സിനേഷൻ ആരംഭിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയുടെ കീഴിൽ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികൾക്കുള്ള കോവിഡ് 19 വാക്‌സിനേഷൻ ആരംഭിച്ചു. തുടക്കത്തിൽ നഗരസഭ പരിധിയിലെ 50 രോഗികൾക്കുള്ള വാക്‌സിൻ കൊടുക്കുവാനാണ് ജില്ലാ തലത്തിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ളത്. വാർഡ് തലത്തിൽ ക്രോഡീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ട രോഗികൾക്കാണ് കുത്തിവെപ്പ് നൽകുന്നത്.

ഡോക്ടർ, നേഴ്സ്, ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ളവർ വീടുകളിൽ നേരിട്ടെത്തി കുത്തിവെപ്പ് നൽകുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് വാക്സിനേഷന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സന്ധ്യ കുറുപ്പ് സ്വാഗതം പറഞ്ഞു.

സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ സി.പ്രജില. കെ.ഷിജു മാസ്റ്റർ, ഇ.കെ.അജിത് മാസ്റ്റർ, കൗൺസിലർമാരായ എ.അസീസ് മാസ്റ്റർ, കെ.കെ.വൈശാഖ്, നേഴ്സിംഗ് സൂപ്രണ്ട് ശാന്ത, സുരേഷ് ബാബു (ഹെൽത്ത് ഇൻസ്പെക്ടർ), പാലിയേറ്റീവ് നേഴ്സുമാരായ സബിത, നൗഷിത, പാർവ്വതി എന്നിവർ സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ.പി നന്ദി പറഞ്ഞു.