കൊയിലാണ്ടിയിൽ കാറിനുള്ളിൽ കുടുങ്ങിയ മിണ്ടാപ്രാണിയെ രക്ഷിക്കാനായില്ല


കൊയിലാണ്ടി: കാറിനടിയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള നാട്ടുകാരുടെയും അഗ്നിശമന രക്ഷാ സേനയും ശ്രമം വിഫലമായി. ശനിയാഴ്ച വൈകീട്ടോടെ കൊയിലാണ്ടി ടൗൺ ജങ്ഷനിലായിരുന്നു സംഭവം. ടൗണിൽ ഗതാഗത ക്കുരിക്കിൽപ്പെട്ട് ഇഴഞ്ഞു നീങ്ങുന്ന കാറിനടിയിൽ പൂച്ച കുരുങ്ങി ക്കിടക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിൻ്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

ഉടൻ തന്നെ കാർ നിർത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിക്കാതായതോടെ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. അരമണിക്കൂറിലേറെ നേരം അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പണിപ്പെട്ട് പൂച്ചക്കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാറിന്റെ വീലിനടിയിൽ കുടുങ്ങിപ്പോയ പൂച്ചയ്ക്ക് നന്നായി പൊള്ളലേറ്റതായി നാട്ടുകാർ പറഞ്ഞു. സീനിയർ ഫയർ ഓഫീസർ സുജാത് കുമാറിന്റെ നേതൃത്വത്തിൽ ഒ.കെ.അമൽ രാജ്, വിജീഷ്, സനോഫർ, പ്രശാന്ത് എന്നീ അഗ്നിരക്ഷാ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം