കൊയിലാണ്ടിയിൽ ഒരു കടൽത്തീരമുണ്ട്, ചരിത്രവും പ്രകൃതിസൗന്ദര്യവും കഥ പറയുന്ന പാറപ്പള്ളി കടലോരം; ദൃശ്യങ്ങള്‍ കാണാം


ടലിനോട് ചേർന്ന് കിടക്കുന്ന കുന്നിൽ തലയുയർത്തി നിൽക്കുന്ന പാറപ്പള്ളി. വെള്ളാരൻ കല്ലുകളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന മനോഹരമായ കടലോരം.

കൊയിലാണ്ടി കൊല്ലം പാറപ്പള്ളി കടലോരം അത്രമേൽ മനോഹരമാണ്. ചരിത്ര പ്രാധാന്യവുമുള്ള ഈ കടലോരം കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര-തീർഥാടന കേന്ദ്രമാണ്.

പ്രകൃതി സൗന്ദര്യം സമന്വയിച്ച ഈ കടലോരത്തിനു ഐതിഹ്യങ്ങൾ നിരവധിയാണ്. മയ്യിത്ത് കുന്ന്, കൗലമല എന്ന പേരിലും പാറപ്പള്ളി ഇസ്ലാംമത വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നുണ്ട്.

പാറപ്പള്ളിയുടെ ചരിത്രം പന്തലായനി കോളം കടപ്പുറത്തിന്റെയും തൊട്ടടുത്ത കൊല്ലം ടൗണിന്റെയും കൂടി ചരിത്രമാണ്. പുരാതന കാലത്ത് പ്രസിദ്ധമായ കച്ചവട കേന്ദ്രമെന്നറിയപ്പെട്ട പന്തലായനിയും കോളം കടപ്പുറവും വിദേശ ചരിത്രരേഖകളിൽപ്പോലും ഇടം പിടിച്ചിട്ടുണ്ട്. പ്രാചീനകാലം മുതൽ പത്തേമാരികൾ വാണിജ്യാവശ്യാർഥം ഇവിടെ വന്നിരുന്നു.
പന്തലായനി കൊല്ലം ഉൾപ്പെട്ട കോളം കടപ്പുറത്തിന്റെ പ്രകൃതി ഭംഗിയാണ് ഇവിടുത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നത്.

18 ഏക്കർ വിസ്താരമുള്ള കുന്നിന് മുകളിലാണ് പള്ളി. കുന്നിന് മുകളിലെ 14 മഖ്ബറകൾ (കല്ലറകൾ) സഹാബാത്തുകളുടെതാണെന്നാണ്(നബിയുടെ അനുചരൻമാർ) വിശ്വാസം.
മഖ്ബറകളിൽ ഒന്ന് ഒരു കെട്ടിടത്തിനുള്ളിലാണ്. ഇത് ഇസ്ലാം മത പ്രചാരണത്തിന് ഇവിടെ എത്തിച്ചേർന്ന മതപണ്ഡിതനും പ്രബോധകനുമായ തമീമുൽ അൻസാരിയുടെതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഇന്ത്യയിലെ ഇസ്ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ പന്തലായിനി കൊല്ലത്തിനും പാറപ്പള്ളിക്കുന്നിനും വളരെയധികം പ്രാധാന്യം കാണാം. പ്രവാചകന്റെ കാലത്ത് തന്നെ പന്തലായിനി കൊല്ലത്തും പരിസരങ്ങളിലും ഇസ്ലാമിക സന്ദേശം പ്രചരിച്ചിരുന്നു. ചേരമാന്‍ പെരുമാളിന്റെ രാജലിഖിതവുമായി അറേബ്യയില്‍നിന്നു വന്ന മാലിക് ദീനാറും സംഘവും അന്നത്തെ പ്രസിദ്ധ തുറമുഖമായിരുന്ന കൊടുങ്ങല്ലൂരില്‍ ഇറങ്ങി ഇന്ത്യയിലെ ഒന്നാമത്തെ മുസ്ലിം പള്ളി അവിടെ നിര്‍മ്മിച്ചു. പിന്നീട് തെക്കന്‍ കൊല്ലം ജില്ലയില്‍ പോവുകയും കോലത്തിരിയുടെ സഹായത്തോടെ രണ്ടാമത്തെ പള്ളി അവിടെ നിര്‍മിക്കുകയും ചെയ്തുവെന്നാണ് കേരളചരിത്രമെഴുതിയ ഭൂരിഭാഗം ചരിത്രകാരന്മാരുടെയും അഭിപ്രായം.

മയ്യത്ത്കുന്ന് എന്നാണ് ഔദ്യോഗിക രേഖകളില്‍ ഈ സ്ഥലത്തെപ്പറ്റി പറയുന്നത്. മാലിക് ബ്‌നു ഹബീബ് ആയിരുന്നു ഈ പള്ളി പണിതത്. ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ അറേബ്യയില്‍ ചെന്നപ്പോള്‍, അദ്ദേഹത്തെ കാണുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്ത മഹാനാണ് ഹബീബ് ബ്‌നു മാലിക്. അദ്ദേഹം മദീനയിലെ രാജാവും പൂര്‍വ്വ വേദങ്ങള്‍ പഠിച്ച പണ്ഡിതനുമായിരുന്നു. അദ്ദേഹം ഈ വിവരങ്ങള്‍ മകനായ മാലിക് ബ്‌നു ഹബീബ്‌നു പറഞ്ഞുകൊടുത്തു. ഇബ്‌നു മലിക് അത് അറബി ഭാഷയില്‍ രേഖപ്പെടുത്തി.

കൊയിലാണ്ടി വലിയ ജുമുഅത്ത് പള്ളിയില്‍ കാണുന്ന അറബി ലിഖിതത്തില്‍ അമ്മാന്‍ കാരനായ കുഞ്ഞി ഇബ്‌റാഹിബ്‌നു അലി ഹിജ്‌റ 999 ല്‍ ഈ പള്ളി നിര്‍മിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹമായിരുന്നു പന്തലായിനി കൊല്ലത്തെ അന്നത്തെ ഖാസി. ഇപ്പോള്‍ രണ്ടു നൂറ്റാണ്ട് കാലമായി ഹമദാനി വംശക്കാരാണ് ഇവിടുത്തെ ഖാസി. ഇവരില്‍ ആദ്യത്തെ ഖാസി അബ്ദുറഹിമാന്‍ ഹമദാനിയുടെ പുത്രപരമ്പരയിലെ മുഹമ്മദ് ഹമദാനി, കുഞ്ഞിശൈഖ് ഹമദാനി എന്നിവര്‍ ഇവിടെ ഖാസിമാരായിട്ടുണ്ട്. കുഞ്ഞിശൈഖ് ഹമദാനിയുടെ പൗത്രനാണ് 1969 മുതല്‍ ഇവിടത്തെ ഖാസി.

ചരിത്രമുറങ്ങുന്ന പാറപ്പള്ളിയും കോളം കടപ്പുറവും നയനാനന്ദകരമാണ്. കുന്നിന്റെ ഉച്ചിയില്‍ നിന്നു നോക്കിയാല്‍ അങ്ങു ദൂരെ കടലില്‍ ഒരു പൊട്ടുപോലെ വെള്ളിയാങ്കല്ല് കാണാം. പാറപ്പള്ളിക്കുന്നിന്റെ ചെരുവില്‍ നിന്നും പാറിയിടുക്കിലൂടെ കടലിലേക്ക് ഒഴുകിവരുന്ന നീരുറവയെ ‘ഔലിയവെള്ള’ മെന്നാണ് വിശേഷിപ്പിക്കുന്നത്. പാറപ്പള്ളി എന്നു വിളിക്കുന്ന പള്ളിയുടെ മുന്‍വശത്തെ പാറമേല്‍ ആദം നബിയുടെതെന്ന് കരുതപ്പെടുന്ന ഒരു കാലടിയുണ്ട്.

പയ്യനാട്ടിലെ കൊല്ലം രാജാവിന്റെ തലസ്ഥാനമായിരുന്നു പന്തലായിനി, കിഴരിയൂര്‍,മേലടി, മേലൂര്‍, മൂടാടി, വിയ്യൂര്‍, ചേമഞ്ചേരി, പള്ളിക്കര, അരിക്കുളം, തിരുവണ്ണൂര്‍, എന്നീ പ്രദേശങ്ങളാണ്, കൊല്ലം രാജാവിന്റെ വാഴ്ചയില്‍ സാമൂതിരി പിടിച്ചടക്കുന്നതുവരെ നിലനിന്നിരുന്നത്.

ഈ വടക്കന്‍ കൊല്ലം രാജാവ് ചേരമാന്‍ പെരുമാളിന് നേരിട്ടുബന്ധമുണ്ടായിരുന്ന കോലത്തിരിയുടെ സാമന്തനായിരുന്നു. 1220 ല്‍ മാത്രമാണ് കോഴിക്കോടിന് വട്ക്ക പന്തലായിനി കൊല്ലം ഉള്‍പ്പെടെയുള്ള നാടും തളിപ്പറമ്പുക്ഷേത്രവും കോലിത്തിരി സാമൂതിരിയെ ഏല്‍പിച്ചത്.

മഹാന്മാരായ സ്വഹാബിവര്യന്മാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ പാറപ്പള്ളിക്കുന്നും പരിസരവും ചരിത്രഗവേഷകര്‍ക്ക് ഒരു വഴികാട്ടിയും വിശ്വാസികള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രവുമാണ്.

എത്തേണ്ട വഴി ഇപ്രകാരമാണ്

കൊയിലാണ്ടി കൊല്ലം അങ്ങാടിയിൽ നിന്ന് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ പാറപ്പള്ളി കടലോരത്തെത്താം. കൊല്ലത്ത് നിന്ന് ഓട്ടോറിക്ഷ വിളിക്കാം.കൊയിലാണ്ടിയിൽ നിന്ന് മിനി ബസ് സർവീസുമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ച്, സർക്കാർ മാനദണ്ഡം അനുസരിച്ച് സഞ്ചാരികൾക്ക് സ്വാഗതം