കൊയിലാണ്ടിയിൽ ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കുറുവങ്ങാട് സ്വദേശി സുനിൽ കുമാർ അറസ്റ്റിൽ


കൊയിലാണ്ടി: കുറുവങ്ങാട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മല്‍ പുനത്തില്‍ മീത്തല്‍ സുനില്‍ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടനെ പ്രതിയുടെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ച് കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡബ്ല്യൂ.സി.പി.ഒ ടി. എന്‍. താര, ഇ.എം. സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള പിങ്ക് പോലീസ് സംഘം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൊയിലാണ്ടി സി.ഐ സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കൊയിലാണ്ടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ അനൂപ്, ശ്രീജേഷ്, ഡബ്ല്യൂ.സി.പി.ഒ ബിന്ദു എന്നിവരാണ് കേസ് അന്വേഷണ സംഘത്തിലുള്ളത്.