കൊയിലാണ്ടിയിൽ അശാസ്ത്രീയ റോഡ്സൈഡ് ഫില്ലിംഗ്; ദുരിതത്തിലായി യാത്രക്കാർ


കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി ടൗണിന് വടക്ക് ഭാഗത്ത് റോഡരികിൽ കോൺക്രീറ്റ് മാലിന്യങ്ങളും, ടാർ പൊളിച്ച വലിയ കട്ടകളുമുപയോഗിച്ച് ദേശീയപാതയോരം നിരപ്പാക്കിയത് കാരണം യാത്രക്കാർ ദുരിതത്തിൽ. സിവിൽ സ്റ്റേഷന് സമീപവും, ശോഭിക ടെക്സ്ടൈൽസിന് എതിർവശവുമാണ് ഇത്തരത്തിൽ അശാസ്ത്രീയമായി റോഡ് സൈഡ് ഫില്ലിംഗ്‌ നടത്തിയത്.

റോഡ്, പാലം തുടങ്ങിയവ പൊളിച്ച മാലിന്യമാണ് നിക്ഷേപിച്ചത്. റോഡിനേക്കാൾ ഉയർത്തിയാണ് നിരപ്പാക്കാതെ ഇവ നിക്ഷേപിച്ചത്. സാധാരണയായി ഇതിന്റെ മുകളിൽ മണ്ണിട്ട് നിരപ്പാക്കാറാണ് പതിവ്. എന്നാൽ ഒരാഴ്ചയിലധികമായി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

കൊയിലാണ്ടി ദേശീയപാതയിൽ ഏറ്റവും അധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ശോഭികയ്ക്ക് മുമ്പിലുള്ള റോഡ്. ഗാതാഗതക്കുരുക്കുണ്ടാവുമ്പോൾ ഇരുചക്രവാഹനങ്ങൾ സൈഡിലേക്ക് ഇറക്കിയാൽ അപകടത്തിൽപ്പെടുമെന്ന് ഉറപ്പാണ്. കാൽനടയാത്ര പോലും ഇവിടെ അസാധ്യമാണ്. കാൽനടയാത്രക്കാർ ഇവിടെ എത്തിയാൽ റോഡിലേക്ക് കയറി നടക്കണം അത് അപകടമുണ്ടാവാൻ കാരണമാവും.

എത്രയും പെട്ടന്ന് ഇവിടെ നിക്ഷേപിച്ച റോഡ് മാലിന്യങ്ങൾക്ക് മുകളിൽ മണ്ണിട്ട് നിരപ്പാക്കണം എന്നാണ് യാത്രക്കാർക്കും, നാട്ടുകാർക്കും പറയാനുള്ളത്.