കൊയിലാണ്ടിയിൽ അനധികൃത നിർമ്മാണങ്ങൾ തകൃതി; നഗരസഭ നോക്കുകുത്തിയോ?


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ അനധികൃത നിർമ്മാണങ്ങൾ അരങ്ങ് വാഴുമ്പോൾ നോക്കുകുത്തിയായി നഗരസഭ അധികൃതർ മാറുന്നു എന്നാരോപണം. നിരവധി അനധികൃത നിർമ്മാണങ്ങളാണ് ഓരോ ദിവസവും നഗരത്തിൽ നടക്കുന്നത്. ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിൽ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും അഴിയാക്കുരുക്കാകുകയാണ്.

ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നഗരത്തിൽ അഴുക്ക് ചാലിന്റെയും, റോഡിന്റെയും പ്രവൃത്തികൾ നടന്നുവരികയാണ്. നഗരഹൃദയത്തിൽ പഴയ ബസ് സ്റ്റാന്റിന് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ സെന്റർ പോയിന്റ് എന്ന കെട്ടിടത്തിന്റെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാൻ നഗരസഭ അധികൃതർ തയാറാകാത്തത് ഉടമയുമായുള്ള ഒത്തുകളിയാണെന്നാണ് ആരോപണം. നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന പ്രധാന ജംഗ്ഷനിലെ അനധികൃത നിർമ്മാണമായിട്ടും നടപടി സ്വീകരിക്കാൻ നഗരസഭ തയ്യാറാവുന്നില്ല.

റോഡിനോട് ചേർന്ന് സ്റ്റെയർകേസിന് അടിയിലായി നിർമ്മിച്ച കടമുറി പൊളിച്ചുമാറ്റാൻ നാട്ടുകാരുടെയും ചില സംഘടനകളുടെ ആവശ്യം ഉയർന്ന് വന്നപ്പോൾ 2019 ജൂലൈ 1ന് നിർമ്മാണം പൊളിച്ചു മാറ്റാൻ നഗരസഭ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കടമുറിയുടെ ഷട്ടർ പൊളിച്ചു മാറ്റി പ്രതിഷേധക്കാരുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് കെട്ടിട ഉടമ ചെയ്തത്. പിന്നീട് വീണ്ടും ഷട്ടർ സ്ഥാപിച്ച് മുറി ഉപയോഗിക്കുകയാണ്.

അനധികൃതമായി നിർമ്മിച്ച ചുമരിൽ കോവിഡ് കാലത്ത് കൈ കഴുകാനുള്ള പൈപ്പ് സ്ഥാപിച്ച് സഹായിക്കാനും അധികൃതർ മറന്നിട്ടില്ല. ഇപ്പോൾ ആ ചുമരിൽ നഗരസഭ കുടിവെള്ളം എന്ന് എഴുതി ഒട്ടിച്ചതായി കാണാം. പാർക്കിംഗ് സൗകര്യം തീരെയില്ലാത്ത ബഹുനില കെട്ടിടത്തിൽ റോഡിൽ നിന്ന് അര മീറ്റർപോലും അകലം പാലിക്കാതെ നിർമ്മിച്ച അനധികൃത നിർമ്മാണം കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭ.

കഴിഞ്ഞ ദിവസം ബപ്പൻകാട് ജംഗ്ഷനിലെ നിലംപൊത്താറായ കെട്ടിടം പുതുക്കിപ്പണിയാൻ ശ്രമിച്ചിരുന്നു. പ്രതിഷേധമുയർന്നപ്പോഴാണ് നിർമ്മാണം നിർത്താൻ നോട്ടീസ് നൽകിയത്. റെയിൽവെ സ്റ്റേഷൻ റോഡിലും അധികൃതരെ നോക്കുകുത്തിയാക്കി അനധികൃത നിർമ്മാണം നടക്കുന്നു.

സാധാരണക്കാരൻ വീട് നിർമ്മിക്കുമ്പോൾ ചെറിയ അപാകതകൾ ചൂണ്ടിക്കാട്ടി പെർമിറ്റ് നിഷേധിക്കുകയും തുടർന്ന് നഗരസഭ അധികൃതരുടെ കനിവിനായി ഓഫീസിൽ നിരവധി തവണ കയറിയിറങ്ങുകയും ചെയ്യുമ്പോഴാണ്. ഉന്നതർക്ക് അനധികൃത നിർമ്മാണത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നത്.