‘കൊയിലാണ്ടിയില്‍ സീറ്റ് നല്‍കിയില്ല. എന്നെ വെട്ടി’; കൊയിലാണ്ടിയിലെ പഴയ സ്ഥാനാര്‍ത്ഥി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു
കോഴിക്കോട്: 2016ലും 2021ലും കൊയിലാണ്ടി സീറ്റില്‍ താന്‍ മത്സരിക്കുന്നത് ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍. കോണ്‍ഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം പാളയത്തെ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചത്.
2011ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ച താന്‍ പിന്നീടുള്ള അഞ്ചുവര്‍ഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏറെ വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ സര്‍വ്വേയില്‍ പേരില്ലെന്ന് പറഞ്ഞ് 2016ല്‍ തന്നെ ഒഴിവാക്കുകയാണുണ്ടായതെന്ന് അനില്‍കുമാര്‍ പറയുന്നു.
‘2016ല്‍ കൊയിലാണ്ടില്‍ ഞാനാണ് സ്ഥാനാര്‍ത്ഥിയാവുകയെന്നുള്ള വ്യാപകമായ പ്രചരണമുണ്ടായിരുന്നു. 2011ല്‍ ഞാന്‍ കൊയിലാണ്ടിയില്‍ മത്സരിച്ചു. 2011 മുതല്‍ 16 വരെ രാത്രിയെന്നോ പകലെന്നോയില്ലാതെ കൊയിലാണ്ടിയിലെ സാധാരണക്കാരുടെ വിളിപ്പുറത്ത് കെ.പി അനില്‍കുമാറുണ്ടായിരുന്നു. പക്ഷേ സീറ്റ് വന്നപ്പോള്‍ എനിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചു.’ അദ്ദേഹം പറഞ്ഞു.
2021ല്‍ കൊയിലാണ്ടി സീറ്റില്‍ നിന്നും തന്റെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ തന്റെ പേര് നിര്‍ദേശിച്ചതും പിന്നീട് അവിടെയും തഴയുന്ന സമീപനമുണ്ടായതെന്നും അനില്‍കുമാര്‍ ആരോപിച്ചു.
‘2021ല്‍ കൊയിലാണ്ടി സീറ്റ് ചര്‍ച്ചയ്ക്ക് എടുക്കുമ്പോള്‍ പറഞ്ഞത് കെ.പി അനില്‍കുമാര്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടിയൊരു വെല്ലുവിളി ഏല്‍പ്പിക്കുകയാണ്. ഇന്ദിരാഭവന്‍ സ്ഥിതി ചെയ്യുന്ന, കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം പിടിച്ചെടുക്കാന്‍ വ്യക്തമായ ആസൂത്രണം വേണം. അത് പിടിച്ചെടുക്കണമെന്ന് പറഞ്ഞ് നേതൃത്വം എന്നെ സമീപിച്ചു. ഞാന്‍ ആദ്യം നിരസിച്ചു.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് എനിക്ക് എപ്പോഴെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി തിരുവനന്തപുരത്തെ കെ.പി.സി.സി ഓഫീസിലിരുന്ന് ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഞാനവിടെ എവിടെയെങ്കിലും പോയിട്ട് പരിപാടിയില്‍ പങ്കെടുക്കാം. അവിടെയാളുകളുമായി ബന്ധപ്പെടാം ഞാനത് ചെയ്തിട്ടില്ല. വട്ടിയൂര്‍ക്കാവ് മത്സരിക്കാന്‍ പാര്‍ട്ടി ബന്ധപ്പെട്ടു. എന്നിരുന്നാലും പാര്‍ട്ടിയുടെ ഉന്നതമായ താല്‍പര്യംപരിഗണിച്ച്, പാര്‍ട്ടി ഒരു വെല്ലുവിളി ഏറ്റെടുക്കണമെന്ന് പറയുമ്പോള്‍ എനിക്കതിന് സാധിക്കില്ലയെന്ന് പറഞ്ഞ് ഒഴിയുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട് ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി. ഒടുക്കം ഇതെല്ലാം കഴിഞ്ഞ് ലിസ്റ്റ് അനൗണ്‍സ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കുറേ ആളുകളെക്കൊണ്ട് ഇവിടെ കെ.പി അനില്‍കുമാര്‍ പറ്റില്ലയെന്ന് പറഞ്ഞ് ബഹളംവെച്ചു.
എന്നെ മനപൂര്‍വ്വം മാറ്റാന്‍വേണ്ടി, കൊയിലാണ്ടിയില്‍ നിന്ന് എന്റെ ശ്രദ്ധമാറ്റാന്‍വേണ്ടി ചെയ്തതാണ്. 2016ല്‍ കൊയിലാണ്ടി സീറ്റിന്റെ ചര്‍ച്ച വന്നപ്പോള്‍ പറഞ്ഞത് സര്‍വ്വേയില്‍ എന്റെ പേരില്ലെന്നാണ്. ഏത് സര്‍വ്വേയില്‍? ആരാണീ സര്‍വ്വേ നടത്തുന്നത്. ഇത്തവണ ഡല്‍ഹിയില്‍ നടത്തിയ സര്‍വ്വേയില്‍ കൊയിലാണ്ടി സീറ്റിലേക്ക് കെ.പി അനില്‍കുമാറിന്റെ പേരാണല്ലോ പറഞ്ഞത്. എ.ഐ.സി.സിയുടെ സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും കെ.പി അനില്‍കുമാറിന്റെ പേരാണ് ശുപാര്‍ശ ചെയ്തത്. കേരളത്തിലെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ പലരും എന്റെ പേര് പറഞ്ഞു. പക്ഷേ സീറ്റ് പിന്നെയും നിഷേധിച്ചു. ഞാന്‍ ആപ്പീസിന്റെ മുമ്പിലിരുന്ന് മുടിമുറിക്കാനൊന്നും നിന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പിന്റെ ഭാഗമായി നിലന്നില്ലെങ്കില്‍ ഒന്നുമാകില്ലെന്ന് അറിയാമായിരുന്നു. സ്വാതന്ത്ര്യ സമരവുമായി വളരെ അധികം ബന്ധമുള്ള കുടുംബത്തില്‍ നിന്നു വന്നതിനാല്‍ കോണ്‍ഗ്രസ് രക്തത്തിലുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയില്‍ തന്നെ തുടരാമെന്ന് തീരുമാനമെടുക്കുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നു.