കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ദുരൂഹതയുണ്ടെന്ന് റൂറല്‍ എസ്പി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതയെന്ന് റൂറല്‍ എസ്പി പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പകയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നു. പരാതിക്കാരന് സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച എയര്‍ ഗണ്‍ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു.

തട്ടിക്കൊണ്ടുപോയ യുവാവ് ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇയാളെ സംഘം മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് വഴിയരികില്‍ നിന്ന 33 കാരനായ ഹനീഫയെ അഞ്ചംഗ സംഘം കാറില്‍ വന്ന് തട്ടിക്കൊണ്ടുപോയത്. മൂന്ന് മാസം മുന്‍പാണ് ഹനീഫ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് ഇടപാടാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരുമാസം മുന്‍പ് സമാനമായ രീതിയില്‍ പ്രവാസിയായ അഷറഫിനെ കൊയിലാണ്ടിയില്‍നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്‌റഫിനെ കണ്ടെത്തിയത്.

ഇവരെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഈ സംഘമാണോ ഹനീഫയുടെ തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്നാണ് പൊലീസിന്റെ അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.