കൊയിലാണ്ടിയില്‍ മത്സ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ഫോട്ടോ: കൊല്ലപ്പെട്ട പ്രമോദ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മത്സ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. ചെറിയമങ്ങാട് വേലിവളപ്പില്‍ വികാസിനെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ശിക്ഷിച്ചത്.
വികാസിന്റ അയല്‍വാസികൂടിയായ ചെറിയമങ്ങാട് ഫിഷര്‍മാന്‍ കോളനിയില്‍ പ്രമോദാണ് 2018ല്‍ വികാസിന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. പിഴയായി അടക്കേണ്ട രണ്ടുലക്ഷം രൂപ പ്രമോദിന്റെ കുടുംബത്തിന് നല്‍കാനാണ് നിര്‍ദേശം.
മത്സ്യത്തൊഴിലാളികളായ പ്രമോദും വികാസും സുഹൃത്തുക്കളായിരുന്നു. 2018 മാര്‍ച്ച് പതിമൂന്നിന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രമോദിന്റെ അിടവയറ്റിന് ചവിട്ടേല്‍ക്കുകയും ഗുരുതരമായി പരുക്കേറ്റ വികാസിനെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വികാസ് ഇത് തടയുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് പ്രമോദിനെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് പതിനഞ്ചിനാണ് പ്രമോദ് മരണപ്പട്ടത്.
കൊയിലാണ്ടി സി.ഐ ആയിരുന്ന സി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐ ടി.സി ബാബു, എ.എസ്.ഐ പ്രദീപന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കെഎന്‍ ജയകുമാറാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍.