കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; പുറത്തുവന്ന ശബ്ദസന്ദേശം കൊടിസുനിയുടേതല്ലെന്ന് സൂചന


കൊയിലാണ്ടി:കൊയിലാണ്ടിയില്‍ പ്രവാസിയായ അഷ്‌റഫിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളിയ കേസില്‍ പുറത്ത് വന്ന ഓഡിയോ സന്ദേശം കൊടി സുനിയുടേതല്ലെന്ന് സൂചന. നാദാപുരം സ്വദേശി അഖിലാണ് സ്വര്‍ണം തട്ടിയെടുത്തതെന്നും ഓഡിയോ സന്ദേശം തയ്യാറാക്കിയതെന്നുമാണ് പൊലീസിന്റെ നിഗമനം. ഒളിവില്‍ പോയ അഖിലിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

അഖില്‍ തന്നെയാണ് ഓഡിയോ സന്ദേശം തയ്യാറാക്കി അഷറഫിന് അയച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവില്‍ പോയ അഖിലിനെ പിടികൂടി ചോദ്യം ചെയ്താലെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. അഖിലിന്റെ നാദാപുരത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണം അഖിലാണ് തട്ടിക്കൊണ്ടുപോയതെന്ന് അഷറഫ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം അഷറഫിനെ തട്ടികൊണ്ടുപോയ അഞ്ചംഗ സംഘത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കന്നട സംസാരിക്കുന്ന ഒരാള്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഷറഫ് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങളും ഉണ്ടോ എന്ന പരിശോധിക്കേണ്ടി വരും. കേസില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കൂടി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

കൊയിലാണ്ടിയിലെ ഊരള്ളൂരിലെ വീട്ടില്‍ നിന്നുമായിരുന്നു അഷ്‌റഫിനെ തോക്ക് ചൂണ്ടി സംഘം തട്ടികൊണ്ട്‌പോയത്. തുടര്‍ന്ന് അഷറഫിനെ സംഘം കുന്ദമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു. ദേഹമാസകലം പരിക്കേല്പിച്ചായിരുന്നു അഷ്‌റഫിനെ കണ്ടെത്തിയത്. തട്ടികൊണ്ടുപോകല്‍ സംഘം മാവൂരില്‍ എത്തിച്ച് മര്‍ദ്ദിച്ചുവെന്ന് അഷറഫ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കണ്ണ് കെട്ടി കൊണ്ടുപോയതിനാല്‍ ആരാണ് തട്ടികൊണ്ടുപോയതെന്ന് അറിയില്ലെന്നാണ് അഷറഫിന്റെ മൊഴി.