കൊയിലാണ്ടിയില്‍ നിന്ന് കണ്ടെയ്നർ ലോറികൾ നീക്കിയിട്ടത് കളിസ്ഥലത്ത്; പ്രതിഷേധവുമായി നാട്ടുകാർ
മേപ്പയൂർ: കൊയിലാണ്ടി പൊലീസ് സ്‌റ്റേഷൻ പരിസരത്തു പിടിച്ചിട്ടിരുന്ന, വർഷങ്ങളായി പഴക്കമുള്ള കണ്ടെയ്നർ ലോറികൾ മേപ്പയൂർ– നെല്ല്യാടി റോഡിലെ കല്ലങ്കി വളവിലെ റോഡരികിലുള്ള കളിസ്ഥലത്ത് ഇറക്കിയിട്ടതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വർഷങ്ങളായി പ്രദേശത്തെ യുവാക്കൾ വോളിബോൾ ഗ്രൗണ്ടാക്കി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. പൊതുമൈതാനമില്ലാത്ത പഞ്ചായത്തിൽ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി തെളിയിച്ചാണ് യുവാക്കൾ കളിസ്ഥലം ഉണ്ടാക്കിയത്.
എന്നാൽ ഇതു റവന്യു വകുപ്പിന്റെ സ്ഥലമാണെന്നും തങ്ങളുടെ അനുവാദമില്ലാതെയാണ് കളിസ്ഥലമാക്കി മാറ്റിയതെന്നും കൊഴുക്കല്ലൂർ വില്ലേജ് ഓഫിസർ കെ.മിനി പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ സ്ഥലത്തെത്തി അധികൃതരുമായി ചർച്ച നടത്തി. മൂന്ന് മാസത്തിനകം കണ്ടെയ്നർ ലോറികൾ ലേലം ചെയ്ത് മാറ്റുമെന്നു ചർച്ചയ്ക്കു ശേഷം അറിയിച്ചു.