കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി; ഹനീഫിന് മര്‍ദനമേറ്റതായി സംശയം, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കൊയിലാണ്ടി പൊലീസ് മൊഴി രേഖപ്പെടുത്തുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി മുത്താമ്പി കാവുംവട്ടം റോഡില്‍ തടോല്‍താഴെ തോണിയാടത്ത് ഉമ്മര്‍കുട്ടിയുടെ മകന്‍ ഹനീഫ (35) ഇന്ന് പുലര്‍ച്ചയോടെ വീട്ടില്‍ തിരിച്ചെത്തി. ഇദ്ദേഹത്തെ സംഘം വഴിയരികില്‍ ഇറക്കിവിടുകയായിരുന്നു എന്നാണ് അറിയുന്നത്. ഹനീഫക്ക് മര്‍ദനമേറ്റതായി സംശയമുണ്ട്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് ഹനീഫിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

ഞായറാഴ്ച രാത്രി 11.15 നാണ് ഹനീഫയെ അഞ്ചംഗ സംഘം വീട്ടിലെത്തി തട്ടിക്കൊണ്ടുപോയത്. സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് പേരടങ്ങിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്.

ഹനീഫ ഖത്തറിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ സംഘത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്നെന്നാണ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. എസ്പി, ഡിവൈഎസ്പി ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാത്രി തന്നെ കൊയിലാണ്ടിയിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.