കൊയിലാണ്ടിയില്‍ കടല്‍വെള്ളത്തിന് പച്ചനിറം വന്നതിന് പിന്നാലെ മത്സ്യങ്ങളും ആമകളും ഉൾപ്പെടെയുള്ള ജീവികൾ ചത്തുപൊങ്ങുന്നു; ആശങ്കയോടെ നാട്ടുകാര്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം മന്ദമംഗലത്ത് കടല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. ഇന്നലെ കടല്‍ വെള്ളത്തിന് കടുംപച്ചനിറം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍ കാണപ്പെട്ടത്. മത്സ്യങ്ങള്‍, കടലാമ, കടലിലെ പാറക്കെട്ടുകളിലും മറ്റും താമസിക്കുന്ന ഉടുമ്പുകള്‍ ഉള്‍പ്പെടെയുള്ളവെയാണ് ചത്തു പൊങ്ങിയത്. കടലിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെ കാരണമെന്തെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍.
ഇന്നലെ രാവിലെയാണ് കൊല്ലം മന്ദമംഗലം മുതല്‍ പയ്യോളി വരെയുള്ള ഭാഗങ്ങളില്‍ കടലിന് കടുംപച്ചനിറം കാണപ്പെട്ടത്. കുഴമ്പുരൂപത്തിലുള്ള വെള്ളമാണ് ഈ ഭാഗത്തുള്ളത്. പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസം ശ്രദ്ധയില്‍പ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
നേരത്തെ കാസര്‍കോട് തീരത്തും കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം സമാനമായ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസവ്യവസ്ഥ താളംതെറ്റുന്നതാണ് കടല്‍ പച്ചനിറത്തിലേക്ക് വഴിമാറാന്‍ കാരണമെന്നാണ് കുസാറ്റ് മറൈന്‍ ബയോളജി വിഭാഗം മേധാവി ഡോ. ബിജോയ് നന്ദന്‍ പറഞ്ഞത്. ആല്‍ഗകളുടെ ഈ പ്രതിഭാസത്തെ ആല്‍ഗല്‍ ബ്ലൂം എന്നാണ് വിളിക്കുന്നത്. പച്ചനിറത്തില്‍ കാണപ്പെടുന്നത് കടലില്‍ വളരുന്ന അതീവ വിഷാംശം അടങ്ങിയ മാരകമായ ആല്‍ഗകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കടല്‍ക്കറ എന്ന് സാധാരണ അറിയപ്പെടുന്ന പ്രതിഭാസമാണിതെന്നാണ് നേരത്തെ കൊല്ലം ജില്ലയിലെ തീരത്ത് ഇത്തരം പ്രതിഭാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേന്ദ്രമത്സ്യഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. കെ.കെ അപ്പുക്കുട്ടന്‍ പറഞ്ഞത്. മഴയ്ക്കുശേഷം കായില്‍ നിന്ന് സസ്യങ്ങള്‍ വളരാന്‍ ആവശ്യമായ ധാതുക്കള്‍ ഏറെ അടങ്ങിയ ജലം കടലിലേക്ക് ഒഴുകിയെത്തും. ഇതേത്തുടര്‍ന്ന് കടല്‍വെള്ളത്തിലെ അതിസൂക്ഷ്മ ആല്‍ഗകള്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതിനാലാണ് പച്ചനിറം കാണപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
കൊല്ലം മന്ദമംഗലം കടലില്‍ പച്ചനിറം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിദഗ്ധ പരിശോധനകള്‍ക്കു ശേഷമേ അറിയാന്‍ കഴിയൂ.
വീഡിയോ കാണാം: