കൊയിലാണ്ടിയില്‍ ആനപ്രേമികള്‍ക്ക് ആവേശമേകാനായി പിഷാരിക്കാവില്‍ ഗജരാജനെത്തി; ചിറക്കല്‍ കാളിദാസന് ഉജ്വല സ്വീകരണം നല്‍കി നാട്‌ (വീഡിയോ കാണാം)


കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പിഷാരികാവിലമ്മയുടെ തിടമ്പേറ്റാന്‍ ഗജരാജന്‍ ചിറക്കല്‍ കാളിദാസന്‍ കൊയിലാണ്ടിയിലെത്തി. ഇന്നലെ രാത്രി കൊരയങ്ങാട് തെരുവില്‍ കളപ്പുരയില്‍ ശ്രീലകത്തെത്തിയ കാളിദാസനെ ഗജറാണി ശ്രീദേവിയുടെ ഉടമകളായ രവീന്ദ്രനും മകന്‍ രസ്ജിത്തും ആനപ്രേമികളും ചേര്‍ന്ന് സ്വീകരിച്ചു.

കാളിദാസനെ കാണാന്‍ രാത്രിയിലും നിരവധി ആനപ്രേമികളാണ് കൊരയങ്ങാട് എത്തിയത്. വിശ്രമത്തിനു ശേഷം ഇന്നു രാവിലെ പിഷാരികാവിലെത്തിയ കാളിദാസന് ആനപ്രേമികളും, ക്ഷേത്ര ഭാരവാഹികളും ഉജ്വല സ്വീകരണമാണ് നല്‍കിയത്.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി താരമായ ആനയാണ് കാളിദാസന്‍. കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനാണ് ചിറക്കല്‍ കാളിദാസന്‍. കേരളത്തിലെ എണ്ണം പറഞ്ഞ പത്ത് ആനകളില്‍ വലുപ്പം കൊണ്ടും സൗന്ദര്യം കൊണ്ടും മുന്നാമനാണ് കാളിദാസന്‍. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിക്ക് പുറമെ വേറെയും നിരവധി സിനിമകളിലും കാളിദാസന്‍ വേഷമിട്ടിട്ടുണ്ട്. കര്‍ണ്ണാടകത്തില്‍ നിന്നെത്തി കേരളത്തിന്റെ ഓമനപ്പുത്രനായി മാറിയ ആനയാണ് കാളിദാസന്‍.

ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരസ്യചിത്രത്തിലെയും താരമാണ് ഈ കൊമ്പന്‍. ഐ.എസ്.എല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതോടെ കാളിദാസന്‍ വീണ്ടും താരമാകും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഉത്സവങ്ങളെല്ലാം നിന്നതോടെ വിശ്രമത്തിലായിരുന്നു ചിറക്കല്‍ ദേശക്കാരുടെ കണ്ണിലുണ്ണിയായ ഈ കൊമ്പന്‍. ശാന്തസ്വഭാവത്തിനുടമയായതിനാല്‍ തന്നെ ആര്‍ക്കും ധൈര്യത്തോടെ കാളിദാസന്റെ അടുത്തേക്ക് പോകാമെന്ന പ്രത്യേകതയും ഉണ്ട്.

വീഡിയോ കാണാം