കൊയിലാണ്ടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം


കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക്. ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ തുടങ്ങിയ ഗതാഗതകുരുക്കു രാത്രിയിലും അവസാനിച്ചില്ല. പിഎസ്സി പരീക്ഷയാണ് ഗതാഗതതടസത്തിന് കാരണമെന്നാണ് ട്രാഫിക് വിഭാഗം അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മേഖലയില്‍ ഗതാഗത പ്രശ്‌നം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊയിലാണ്ടി ടൗണ്‍ മുതല്‍ മൂടാടി വരെ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ചെങ്ങോട്ട്കാവ് പാലം വരെയും കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദേശീയപാതയുടെ വീതി കൂട്ടി റോഡുകളെല്ലാം ഗതാഗത യോഗ്യമാക്കിയിട്ടും ട്രാഫിക് ബ്ലോക്ക് കുറയാത്തതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. ആംബുലന്‍സിന് കടന്നു പോകാനുള്ള ഇടം പോലുമില്ലാതെ കൊയിലാണ്ടി നഗരം രൂക്ഷമായി ഗതാഗതകുരുക്ക് നേരിടുകയാണ്.