കൊയിലാണ്ടിയിലെ വാഹനാപകടങ്ങൾക്ക് ‘റെഡ് സിഗ്നൽ’ നൽകാൻ പൊലീസ്; അപകടകരമായി വണ്ടിയോടിക്കുന്നവർ കുടുങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനാപകടങ്ങളും ഇതോടനുബന്ധിച്ചുള്ള മരണങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇവ കുറയ്ക്കാനുള്ള നടപടികളുമായി പൊലീസ്. ഇതിന്റെ ഭാഗമായി കോരപ്പുഴ മുതൽ നന്തി ഇരുപതാം മൈൽസ് വരെ ദേശീയപാതയിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് കൊയിലാണ്ടി സി.ഐ എൻ. സുനിൽ കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മഫ്ടിയിലുള്ള പൊലീസുകാരെയാണ് നിരീക്ഷണത്തിനായി വിന്യസിക്കുക. അപകടകരമായി വാഹനമോടിക്കുന്നവരെ ഇവർ കണ്ടെത്തി വിവരം സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കും. ഉടൻ തന്നെ ഇവർക്കെതിരെ നടപടിയും ഉണ്ടാകും. ട്രാഫിക് പൊലീസും പിങ്ക് പൊലീസും സംയുക്തമായി കൊയിലാണ്ടിയിലെ ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസ് നൽകുമെന്നും സി.ഐ. സുനിൽകുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അപകടകരമായി വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. വീഡിയോ, ചിത്രങ്ങൾ എന്നിവ എടുത്ത് സ്റ്റേഷൻ ഓഫീസറുടെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയച്ചാൽ പൊലീസ് ഉചിതമായ നടപടിയെടുക്കും. 9497987193 എന്ന നമ്പറിലേക്കാണ് ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങളും വീഡിയോയും അയക്കേണ്ടത്. കൂടാതെ ട്രാഫിക് പോലീസിൻ്റെ 0496 262623626 എന്ന നമ്പറിൽ വിളിക്കുകയും ചെയ്യാം.

അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ദേശീയ പാതയിലെ കുഴികൾ അടയ്ക്കുവാനും റോഡരികിലെ പൊന്തക്കാടുകൾ വെട്ടിമാറ്റാനും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു. കൂടാതെ ദീർഘദൂര വാഹനങ്ങളിൽ വരുന്നവർ റോഡരുകിൽ ഭക്ഷണം കഴിക്കുന്നത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുള്ള സ്ഥലത്ത് മാത്രമെ പാടുള്ളൂവെന്നും പോലീസ് അഭ്യർത്ഥിച്ചു.