കൊയിലാണ്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ തിങ്കളാഴ്ച വരെ അടച്ചിടും


കൊയിലാണ്ടി: കോവിഡ് 19 ന്റെ പശ്ഛാത്തലത്തിൽ നിയോജക മണ്ഡലത്തിലെ കാപ്പാട് മുതൽ കോട്ടക്കൽ വരെയുള്ള തീരദേശ ഭാഗങ്ങളിലെയും മറ്റിടങ്ങളിലെയും ജനങ്ങൾ ഒത്തുചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അടച്ചിടാൻ തീരുമാനിച്ചു. കാനത്തിൽ ജമീല എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ ആണ് തീരുമാനം.

ഓണാഘോഷവും തുടർന്നു വരുന്ന അവധികളും കൂടി കണക്കിലെടുത്ത് കൂടുതൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൂടാതെ മണ്ഡലത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ കൂടുതൽ ക്രമീകരങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. നിയന്ത്രണങ്ങൾ ഫലപ്രദമാക്കാൻ പോലീസുകാരെ കൂടുതലായി വിന്യസിക്കാനും തീരുമാനിച്ചു.

യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരായ സുധ കിഴക്കേപ്പാട്ട്, സതി കിഴക്കയിൽ, ഷീബ മലയിൽ, ശ്രീകുമാർ , ജമീല സമദ്, അഡ്വ.കെ.സത്യൻ, കൊയിലാണ്ടി സി.ഐ സുനിൽ കുമാർ , മണ്ഡലത്തിലെ സെക്ടറൽ മജിസ്ട്രേറ്റുമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.