കൊയിലാണ്ടിയിലെ കരകൗശലത്തൊഴിലാളികൾ പട്ടിണിയുടെ വക്കത്ത്


കൊയിലാണ്ടി: കോവിഡ് വ്യാപന സാധ്യത പരിഗണിച്ച് കരകൗശല മേളകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഈ മേഖലയിലുളളവര്‍ മുഴു പട്ടിണിയില്‍. കരകൗശല തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശന മേളകള്‍ നടത്താറുണ്ടായിരുന്നു. മേളകള്‍ ഇല്ലാതായതോടെ മഹാ കഷ്ട്ടത്തിലായിരിക്കുകയാണ് കരകൗശല തൊഴിലാളികളുടെ ജീവിതം.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അടച്ചിടല്‍ പ്രതിസന്ധിയില്‍ ഒരു വര്‍ഷത്തോളമായി ഈ മേഖലയിൽ ഉളളവര്‍ക്ക് ഒരു സാമ്പത്തിക സഹായവും കിട്ടിയിട്ടില്ല. ഇതു കാരണം ജില്ലയില്‍ രണ്ടായിരത്തോളം തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. ഓഗസ്ത് മുതല്‍ മെയ് വരെയുള്ള സീസണിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും അല്ലാതെയുമുളള കരകൗശല മേളകള്‍ നടക്കാറ്.

ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പന്നങ്ങളാണ് വില്‍ക്കാന്‍ കഴിയാതെ കരകൗശല രംഗത്തെ തൊഴിലാളികളുടെ പണിശാലയില്‍ കെട്ടിക്കിടക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്ക് നല്‍കുന്ന സഹായ പട്ടികയില്‍ കരകൗശല തൊഴിലാളികളെയും ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുന്നത് പോലും തൊഴിലാളികള്‍ക്ക് മുഴുവനായിട്ടില്ല. സംസ്ഥാന സര്‍ക്കാറാവട്ടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6000 ത്തില്‍(ദിവസം ഇരുപത് രൂപ) താഴെ ഉള്ളവര്‍ക്കാണ് പെന്‍ഷന്‍ അനുവദിക്കുന്നതും.

മേളകള്‍ നടത്തി കരകൗശല ഉല്‍പ്പന്നങ്ങള്‍ വിറ്റ് ജീവിക്കുന്നവരുടെ മുന്നോട്ടുള്ള നാളുകള്‍ ഇനിയെന്തെന്ന് വ്യക്തമല്ല. ഭിന്ന ശേഷിക്കാരും രോഗവുമായി കഷ്ടപ്പെടുന്നവരും ഈ മേഖലയിലുണ്ട്. വീട് വായ്പകളും മക്കളുടെ പഠന ചിലവുകളും എങ്ങനെയാണ് തരണം ചെയ്യുകയെന്നറിയാതെ പ്രതിസന്ധിയിലാണിവര്‍. അസംഘടിത മേഖലയിലെ കരകൗശല തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ലോക്ക് ഡൗണ്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയിരിക്കുകയാണ്

ന്യൂഡല്‍ഹി ഹാന്‍ന്റി ക്രാഫ്റ്റ്സ് ഡവലപ്പ്മെന്റ് കമ്മീഷണറേറ്റിന്റെ തിരിച്ചറിയല്‍ കാര്‍ഡുളള ആയിരത്തോളം കരകൗശല വിദഗ്ദര്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ലോക്ക് ഡൗണ്‍ ആയതിനു ശേഷം യാതൊരു തൊഴിലുമില്ലാതെ നിത്യ ചിലവിനു പോലും ബുദ്ധിമുട്ടുകയാണ് തൊഴിലാളികള്‍. ജീവിതം വഴി മുട്ടിയ കരകൗശല തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാനും, വായ്പകള്‍ എഴുതി തള്ളാനും, ഉത്പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കാനും സര്‍ക്കാര്‍ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.