കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ വീണ്ടും കേരളാ ക്രിക്കറ്റ് ടീമിൽ
കൊയിലാണ്ടി: വിജയ് ഹസാരെ ട്രോഫിക്കുള്ള ഇരുപതംഗ കേരള ക്രിക്കറ്റ് ടീമില്‍ കൊയിലാണ്ടിക്കാരന് രോഹന് എസ് കുന്നുമ്മലും. രാജ്യത്തെ ആഭ്യന്തര 50 ഓവര്‍ ടൂര്‍ണമെന്റാണ് വിജയ് ഹസാരെ ട്രോഫി.
കൊയിലാണ്ടി കൊല്ലം സ്വദേശിയായ രോഹന് നേരത്തെ കേരള ടീമിനായും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായും കളിച്ചിട്ടുണ്ട്. പതിമൂന്നാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഇന്ത്യന്‍ ടീമിലും രോഹന് ഉള്‍പ്പെട്ടിരുന്നു.
ഈ മാസം 20 മുതല്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള മത്സരങ്ങള്‍ ആരംഭിക്കും. മാര്‍ച്ച് 14നാണ് ഫൈനല്‍. സച്ചിൻ ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റന്‍.
6 നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിനായി താരങ്ങള്‍ വരുന്ന 13ആം തീയതി ബയോ ബബിളില്‍ പ്രവേശിക്കണം. ഇക്കാലയളവില്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മൂന്ന് തവണ കൊവിഡ് പരിശോധന നടത്തും. സൂററ്റ്, ഇന്‍ഡോര്‍, ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകള്‍ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ തങ്ങളുടെ മത്സരങ്ങള്‍ കളിക്കും.
സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കേരളം ഗ്രൂപ്പ് സിയിലാണ്. കര്‍ണാടക, യുപി, ഒഡീഷ, റെയില്‍വേയ്സ്, ബീഹാര്‍ എന്നീ ടീമുകള്‍ അടങ്ങിയ സി ഗ്രൂപ്പ് മത്സരങ്ങള്‍ ബെംഗളൂരുവിലാണ്. ഗ്രൂപ്പ് എയില്‍ ഗുജറാത്ത്, ഛണ്ഡിഗഡ്, ഹൈദരാബാദ്, ത്രിപുര, ബറോഡ, ഗോവ എന്നീ ടീമുകള്‍ അണിനിരക്കും. സൂററ്റിലാവും മത്സരങ്ങള്‍. തമിഴ്നാട്, പഞ്ചാബ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, വിദര്‍ഭ, ആന്ധ്രപ്രദേശ് എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ ഇന്‍ഡോറിലാണ്.
ഡല്‍ഹി, മുംബൈ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, പുതുച്ചേരി എന്നീ ടീമുകള്‍ ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ജയ്പൂരിലാണ് മത്സരങ്ങള്‍. ബംഗാള്‍, സര്‍വീസസ്, ജമ്മു കശ്മീര്‍, സൗരാഷ്ട്ര, ഹരിയാന, ഛണ്ഡീഗഡ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് ഇയിലെ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ നടക്കും. ഉത്തരാഖണ്ഡ്, അസം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മിസോറം, സിക്കിം എന്നീ ടീമുകള്‍ അടങ്ങിയതാണ് പ്ലേറ്റ് ഗ്രൂപ്പ്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക