കൊയിലാണ്ടിക്കാരന്‍ അജു ശ്രീജേഷിന്റെ ‘ഡാര്‍ക്ക്’ ഏറ്റെടുത്ത് പ്രേക്ഷകര്‍; ഇതുവരെ കണ്ടത് മുവ്വായിരത്തിലധികം പേര്‍, കാണാം 3 മിനുട്ട് 30 സെക്കന്റ് ഷോര്‍ട്ട് ഫിലിം


കൊയിലാണ്ടി: കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെ മറികടന്ന് പുതുമയാര്‍ന്ന രീതിയില്‍ കൊയിലാണ്ടി സ്വദേശി ഒരുക്കിയ മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലീമിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം. കൊയിലാണ്ടി മന്ദമംഗലം സ്വദേശിയായ അജു ശ്രീജേഷ് ഒരുക്കിയ ‘ഡാര്‍ക്ക്’ സിനിമ സംവിധായകന്‍ സലീം അഹമ്മദ് കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പൂര്‍ണമായും മൊബൈലില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലീമിന് നല്ല സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്. ഇതുവരെ മുവ്വായിരത്തോളം പേര്‍ ചിത്രം കണ്ട് കഴിഞ്ഞു.

വാട്ട്‌സ്ആപ്പിനെ സര്‍ഗാത്മകമായി ഉപയോഗിച്ചാണ് അജു ശ്രീജേഷ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു തന്നെയെഴുതിയ തിരക്കഥയിലെ രംഗങ്ങള്‍ സ്വയം അഭിനയിച്ച് അതിന്റെ വീഡിയോ അഭിനയിക്കേണ്ട ആളുടെ രക്ഷിതാവിന് വാട്ട്സ്ആപ്പില്‍ അയച്ച് കൊടുത്ത് അവരെ കൊണ്ട് രംഗങ്ങള്‍ ചിത്രീകരിപ്പിച്ച് അവ വാട്ട്സ്ആപ്പിലൂടെ തന്നെ തിരിച്ച് വാങ്ങുകയാണ് അജു ചെയ്തത്.

നായികയായി അഭിനയിക്കുന്ന കുടുംബ സുഹൃത്തായ നായികയുടെ അമ്മ സുജിത ബൈജുവിന് വാട്ട്സ്ആപ്പിലൂടെ വോയ്സ് മെസേജുകളിലൂടെ ഷൂട്ടിങ് സമയത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് അജു ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

തിരക്കഥയിലെ രംഗങ്ങള്‍ അജു അഭിനയിച്ച് അത് ചിത്രീകരിച്ചാണ് അഭിനേതാക്കള്‍ക്ക് അയച്ച് കൊടുത്തത്. അജുവിന്റെ ഭാര്യ ജാന്‍സി രാജിനെ കൊണ്ടാണ് ഈ രംഗങ്ങള്‍ അജു ഷൂട്ട് ചെയ്യിച്ചത്.

നായികയുടെ കുട്ടിക്കാലം ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് രംഗങ്ങളും ഇതുപോലെയാണ് ചിത്രീകരിച്ചത്. ഒപ്പം പഠിച്ച പെണ്‍സുഹൃത്തുക്കളുടെ മക്കളാണ് ഈ രംഗങ്ങളില്‍ അഭിനയിച്ചത്. കുട്ടികളുടെ അമ്മമാരാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിനാല്‍ സാങ്കേതികമായി പല പ്രശ്നങ്ങളും നേരിട്ടിട്ടുണ്ടെന്ന് അജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചും ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ചെയ്തു കാണിക്കാനാണ് ഈ രീതിയില്‍ ചിത്രീകരിച്ചതെന്നും അജു പറഞ്ഞു.

ഷൂട്ട് ചെയ്തോ അഭിനയിച്ചോ മുന്‍പരിചയമില്ലാത്ത ഒരുകൂട്ടം സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഷോര്‍ട്ട് ഫിലിമിന്റെ മുന്നണിയിലും പിന്നണിയിലും അജു അണിനിരത്തിയത്. ഇതിലൂടെ ചലച്ചിത്രമേഖലയിലെ സ്ത്രീശാക്തീകരണത്തിന് ഒപ്പം നില്‍ക്കുകയാണ് അജു.

കൊവിഡിന്റെ മൂന്നാം തരംഗത്തെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനായി ജി.വി.എച്ച്.എസ്.എസ് പയ്യാനക്കല്‍ അവതരിപ്പിക്കുന്ന ‘ഈ കാലവും കടന്ന്’ എന്ന ചിത്രത്തിന്റെ രചയിതാവ് കൂടിയാണ് അജു ശ്രീജേഷ്. ഗ്രാഫിക് ഡിസൈനറായ അജു നല്ലൊരു ചിത്രകാരന്‍ കൂടിയാണ്.

ഷോര്‍ട്ട് ഫിലിം കാണാം