കൊയിലാണ്ടിക്കാരനായ യു.എ ഖാദര്‍
ബര്‍മ്മയിലാണ് ജനിച്ചത് എങ്കിലും യുഎ ഖാദര്‍ വളര്‍ന്നത് കൊയിലാണ്ടിയിലാണ്. അദ്ദേഹത്തിന്റെ എഴുത്തിലൂടെ നമ്മുടെ നാടിനെ ലോകമറിഞ്ഞു. ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ ഖാദര്‍ എന്ന യു.എ. ഖാദര്‍. ബര്‍മയില്‍ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീന് കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിന് ഗ്രാമത്തിലായിരുന്നു യു.എ ഖാദര്‍ ജനിച്ചത്. മൂന്നാം നാള് വസൂരി ബാധിച്ചു മാതാവ് മരണപ്പെട്ടു.
രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയില്‍ ബര്‍മ വിട്ട് ഏഴാം വയസ്സില്‍ കേരളത്തിലേക്ക് പിതാവിനൊപ്പം വന്ന ഖാദറിന് മലയാളമറിയില്ലായിരുന്നു. പിന്നീട് താമസം കൊയിലാണ്ടിയില്‍. 1953 ല്‍ കൊയിലാണ്ടി ഗവ. ഹൈസ്കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായി. ചിത്രകലയോടായിരുന്നു ആദ്യം താല്പര്യം. തുടര്‍ന്ന് മദ്രാസ് കോളജ് ഓഫ് ആര്‍ട്ട്സില്‍ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലര്‍ത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി.
1956ല്‍ നിലമ്പൂരിലെ മരക്കമ്പനിയില്‍ ഗുമസ്തനായി. 1957ല്‍ ദേശാഭിമാനി ദിനപത്രത്തിന്റെ ‘പ്രപഞ്ചം’ വാരികയില്‍ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട് നിലയത്തിലും പ്രവര്‍ത്തിച്ചു. പിന്നീട് സംസ്ഥാന ആരോഗ്യവകുപ്പില്‍ ജീവനക്കാരനായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ചിലും ഗവ. ജനറല്‍ ആശുപത്രിയിലും ജോലി ചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.
നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.
ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.
‘തൃക്കോട്ടൂര്‍ പെരുമ’യ്ക്ക് 1983ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി.