കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത് പത്താംക്ലാസുകാരന്‍; ഇന്റര്‍നെറ്റ് ദുരുപയോഗമാകാം കുറ്റകൃത്യത്തിന് പ്രേരണയായതെന്ന് എസ്.പി


മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ്. പ്രതി പത്താം ക്ലാസ് വിദ്യാര്‍ഥിയാണെന്നും ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.

15 വയസ്സുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാമ്പ്യനുമാണ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീടും സംഭവസ്ഥലവും തമ്മില്‍ ഒന്നരകിലോമീറ്റര്‍ ദൂരമുണ്ട്. പെണ്‍കുട്ടിയുമായുള്ള പിടിവലിക്കിടെ 15-കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ നഖം കൊണ്ടാണ് പലയിടത്തും മുറിവേറ്റിട്ടുള്ളത്. എന്നാല്‍ നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് 15-കാരന്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. പ്രതിയുടെ വസ്ത്രത്തില്‍ ചെളി പറ്റിയിരുന്നു. ഈ വസ്ത്രങ്ങള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പിതാവിന്റെ സാന്നിധ്യത്തില്‍ പ്രതിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചിരുന്നു. കല്ല് കൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും നല്ലരീതിയില്‍ പെണ്‍കുട്ടി ആക്രമണത്തെ ചെറുത്തുനിന്നെന്നും എസ്.പി. പറഞ്ഞു. ഇന്റര്‍നെറ്റ് ദുരുപയോഗമാകാം കുറ്റകൃത്യത്തിന് പ്രേരണയായതെന്നും കൃത്യത്തില്‍ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ കണ്ടെത്തലെന്നും എസ്.പി. വ്യക്തമാക്കി. കഴിഞ്ഞ ഒന്നരവര്‍ഷമായി ക്ലാസുകള്‍ ഓണ്‍ലൈനിലായതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിച്ചെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് കൊട്ടൂക്കര അങ്ങാടിക്ക് സമീപം കോളേജ് വിദ്യാര്‍ഥിനിയായ 21-കാരിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ചെറിയ മതിലിന് മുകളിലൂടെയാണ് പെണ്‍കുട്ടിയെ തോട്ടത്തിലേക്ക് തള്ളിയിട്ടത്. തോട്ടത്തിലൂടെ വലിച്ചിഴച്ചപ്പോള്‍ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഖത്ത് കല്ല് കൊണ്ടിടിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കൈകള്‍ കെട്ടിയിടുകയും വായില്‍ തുണിതിരുകുകയും ചെയ്തു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.