‘കൊണ്ടുപോകല്ലേ’; പെരുവണ്ണാമൂഴിയില്‍ ജോണ്‍സന്റെ കൃഷിയിടത്തിലെത്തിയ കുരങ്ങുകളെ വനപാലകര്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ് വളര്‍ത്തുനായ, വീഡിയോ കാണാം


പേരാമ്പ്ര: കൃഷി നശുപ്പിക്കാനെത്തിയ കുരങ്ങനെ വനംവകുപ്പുകാര്‍ കൂട്ടിലാക്കി കൊണ്ടുപോയതിന്റെ സങ്കടത്തിലാണ് പെരുവണ്ണാമൂഴി വട്ടക്കയത്തെ കര്‍ഷകന്‍ മഠനത്തിനകത്ത് ജോണ്‍സന്റെ വളര്‍ത്തുനായ. ജോണ്‍സന്റെ പുരയിടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടില്‍ ഇതിനോടകം ഏഴ് കാട്ടുകുരങ്ങുകള്‍ പെട്ടിരുന്നു. ഇവയെ വനപാലകരെത്തി കൊണ്ടുപോകുമ്പോള്‍ പലരീതിയില്‍ നായ തടയാന്‍ ശ്രമിച്ചു.

വനം വകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടില്‍ ഇതിനോടകം ഏഴ് കാട്ടുകുരങ്ങുകള്‍ പെട്ടു. കൃഷി നശിപ്പിക്കാനെത്തുന്ന കൂട്ടങ്ങളില്‍പെട്ട കുരങ്ങന്മാരാണു കെണിയില്‍പെടുന്നത്.കൂട് തുറക്കുന്നതിനിടയില്‍ ഒരെണ്ണം ചാടി രക്ഷപ്പെട്ടിരുന്നു. ബാക്കി ആറെണ്ണത്തിനെയും വനപാലകര്‍ മറ്റൊരു കൂട്ടിലാക്കി ജീപ്പില്‍ കയറ്റി കൊണ്ടുപോയി.

ഓരോ കുരങ്ങനും കൂട്ടിലകപ്പെടുമ്പോള്‍ ഒരാള്‍ കടുത്ത വിഷമത്തിലായിരുന്നു. ജോണ്‍സന്റെ വളര്‍ത്തു നായയാണ് കുരങ്ങുകള്‍ കെണിയില്‍പെടുമ്പോള്‍ ദു:ഖത്തിലാവുന്നത്. അകപ്പെട്ട കുരങ്ങനെ കാണുമ്പോള്‍ കൂടിന് ചുറ്റും നായ ഓടി നടക്കും. ദേഷ്യം കൊണ്ടാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഇന്നലെയാണ് സംഗതി പിടികിട്ടിയത്. കുരങ്ങുകളെ തടവിലാക്കി കൊണ്ടുപോകുന്നതിലെ സങ്കടമായിരുന്നത്.

മിനിഞ്ഞാന്നു വീണ കുരങ്ങനെ ഇന്നലെ രാവിലെ കൊണ്ടുപോയി. അരമണിക്കൂറിനുള്ളില്‍ ഏഴാമന്‍ കൂട്ടിലകപ്പെട്ടു. ഇതോടെ നായയുടെ മട്ട് മാറി. കൂട്ടിന് ചുറ്റും നടന്നു കരഞ്ഞു ശബ്ദമുണ്ടാക്കി. രക്ഷപ്പെടാനുള്ള കുരങ്ങന്റെ പരാക്രമം കണ്ട് കൂട്ടില്‍ മുഖം ചേര്‍ത്ത് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

ഈ കുരങ്ങനെയും കൊണ്ടുപോകാന്‍ കൂടുമായി വനപാലകരെത്തിയപ്പോള്‍ കരഞ്ഞും ഓടി നടന്നും തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചു. കൂട്ടിലാക്കി കൊണ്ടുപോകുമ്പോള്‍ വഴിയില്‍ തടസമുണ്ടാക്കാനൊക്കെ കരഞ്ഞുകൊണ്ട് നായ ശ്രമിച്ചു. കുരങ്ങനെ ജീപ്പില്‍ കയറ്റുമ്പോള്‍ തൊട്ടടുത്ത് വിരഹവേദനയോടെ അത് നോക്കി നില്‍പ്പുണ്ടായിരുന്നു.

വീഡിയോ കാണാം