കൊടിസുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തി: ആരോപണവുമായി യുവതി
വടകര: ടി.പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപണം. ഉത്തര്‍പ്രദേശ് സ്വദേശി മുബഷിറ സമി വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
വിവാഹം കഴിച്ച് കൂടെ താമസിച്ച് പിന്നീട് ഉപേക്ഷിച്ചുപോയ പെരിങ്ങത്തൂര്‍ സി.കെ.പി നൂറുദ്ദീന്‍ എന്ന വ്യാപാരിക്കെതിരെ മുബഷിറ കേസ് കൊടുത്തിരുന്നു. ഇതിനു പിന്നാലെ തന്നെയും മകനും അപായപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്.
എട്ടുവര്‍ഷം മുമ്പ് മുംബൈയില്‍ വെച്ചാണ് നൂറുദ്ദീനുമായി പരിചയത്തിലായത്. രണ്ടുവര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞു. പിന്നീട് നൂറുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി. ഇയാളെക്കുറിച്ച് വിവരമില്ലാതായതോടെ ഒരുമാസം മുമ്പ് നാദാപുരത്ത് ഇയാളെ തേടിയെത്തി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നൂറുദ്ദീനെ കണ്ടെത്തി മുബഷിറയെ അയാള്‍ക്കൊപ്പം വിട്ടു. എന്നാല്‍ മാഹിയില്‍ നിന്ന് നൂറുദ്ദീന്‍ വീണ്ടും തന്നെ തനിച്ചാക്കി മുങ്ങിയെന്നാണ് ഇവര്‍ പറയുന്നത്. ഇതോടെ മുബഷിറ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തില്‍ കേസെടുത്തു.
ഇതോടെയാണ് തനിക്കെതിരെ ഭീഷണി ശക്തമായതെന്നാണ് യുവതി പറയുന്നത്. ഭീഷണിയെ തുടര്‍ന്ന് വടകരയിലെ താമസസ്ഥലത്തുനിന്ന് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. തന്നെ സഹായിക്കുന്നവര്‍ക്കും ഭീഷണിയുണ്ട്. മുഖ്യമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു.