കൊച്ചുതുറയിലെ ഈ മിടുക്കിയാണ് കേരളത്തിലെ ആദ്യ വനിതാ കൊമേഷ്യല്‍ പൈലറ്റ്; ജെനി ജെറോമിന് ആശംസകളുമായി ശൈലജ ടീച്ചര്‍


തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റ് ജെനി ജെറോമിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്തരം കര്‍മപഥത്തിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരുന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്നും ജെനി ജെറോമിന് ആശംസകള്‍ നേരുന്നുവെന്നും കെകെ ശൈലജ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കോവളം കരുംകുളം കൊച്ചുതുറ സ്വദേശിനി ബിയാട്രിസിന്റെയും ജെറോമിന്റെയും മകളാണ് ജെനി ജെറോം.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൈലറ്റായി മാറണമെന്ന ആഗ്രഹം ജെനിയ്ക്ക് ഉണ്ടാകുന്നത്. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്‌നിച്ച് സാക്ഷാത്കരിക്കുന്ന യുവത്വം വരുംതലമുറയ്ക്ക് മാതൃകയാണെന്ന് കെകെ ശൈലജ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന നിലയ്ക്ക് തീരദേശമേഖലയില്‍ നിന്നെത്തിയ ജെനി പുതുചരിത്രം കുറിക്കുകയാണെന്നും കെകെ ശൈലജ വ്യക്തമാക്കി.


ഇന്നലെ ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന്റെ കോ -പൈലറ്റായാണ് ജെനി ജെറോം ആദ്യമായി യാത്ര തിരിച്ചത്. ഈ സംഭവവും ജെനിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ആരോഗ്യമന്ത്രിയുടെ ആശംസ.


ജെനി ജനിച്ചു വളര്‍ന്നത് മത്സ്യബന്ധനഗ്രാമമായ കൊച്ചുതുറയിലാണെങ്കിലും പിതാവിന്റെ കൂടെ ഷാര്‍ജയിലും താമസിച്ചു. സ്‌കൂള്‍ കാലത്തു തന്നെ പൈലറ്റാകാനുള്ള ആഗ്രഹം ജെനി അറിയിച്ചിരുന്നെങ്കിലും വീട്ടുകാര്‍ ഗൗരവത്തിലെടുത്തില്ല. എന്നാല്‍ പ്ലസ് ടുവിനു ശേഷം ജെനി സ്വന്തം നിലയ്ക്ക് പരിശ്രമം തുടങ്ങുകയും തുടര്‍ന്ന് വീട്ടുകാര്‍ പിന്തുണ നല്‍കുകയുമായിരുന്നു. എയര്‍ അറേബ്യയുടെ ആല്‍ഫാ ഏവിയേഷന്‍ അക്കാദമിയില്‍ പഠനം പൂര്‍ത്തിയക്കിയ ജെനി ജെറോം പൈലറ്റ് ലൈസന്‍സ് നേടുകയായിരുന്നു.