കൊച്ചി ലഹരിമരുന്ന് കേസ്: പ്രതികള്‍ ആഴ്ചകളോളം പുതുച്ചേരിയില്‍ തങ്ങി, കോഴിക്കോട്ടും ലഹരിപാര്‍ട്ടികള്‍


കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളില്‍നിന്ന് ലഹരിമരുന്ന് വാങ്ങിയവരിലേക്കും ഇവര്‍ക്ക് ലഹരിമരുന്ന് നല്‍കിയവരിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

അറസ്റ്റിലായ മുഹമ്മദ് ഫവാസിന്റെ സംഘത്തില്‍നിന്ന് ആരെല്ലാമാണ് എം.ഡി.എം.എ. വാങ്ങിയതെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കും. പ്രതികള്‍ ലോക്ഡൗണ്‍ കാലത്ത് നടത്തിയ ലഹരിപാര്‍ട്ടികളെക്കുറിച്ചും എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

ലോക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടും കൊച്ചിയിലും പ്രതികള്‍ ലഹരിപാര്‍ട്ടികള്‍ നടത്തിയിരുന്നതായാണ് വിവരം. പത്ത് പേരില്‍ താഴെ മാത്രമാണ് ഈ പാര്‍ട്ടികളില്‍ പങ്കെടുത്തത്. ഇവരെ കണ്ടെത്താന്‍ വിവിധ അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അപ്പാര്‍ട്ട്‌മെന്റുകളിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിക്കും. കൊച്ചി ലഹരിമരുന്ന് കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചുപേരെ സെപ്റ്റംബര്‍ 31 വരെയാണ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. ഇവരെ തിരികെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിന്നീട് അറസ്റ്റ് ചെയ്ത ത്വയിബയുമായി തെളിവെടുപ്പ് നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.

അതിനിടെ, പ്രതികളായ ഫവാസിനെയും ശ്രീമോനെയും പുതുച്ചേരിയിലെ റോസ് കോട്ടേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മറ്റുപ്രതികളായ ശബ്‌നയ്ക്കും ത്വയിബയ്ക്കും ഒപ്പം ഇവര്‍ ഇവിടെ ആഴ്ചകളോളം താമസിച്ചതിന്റെ രേഖകളും കണ്ടെടുത്തു. ഇവര്‍ക്ക് എം.ഡി.എം.എ. നല്‍കിയവരെ കണ്ടെത്താന്‍ ചെന്നൈയിലും അന്വേഷണം നടത്തുന്നുണ്ട്.