കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് ഇനി നേരിട്ട് പറക്കാം; എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഇന്നുമുതല്‍
കൊച്ചി: കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ്. ഓഗസ്റ്റ് 22 ഞായറാഴ്ച കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ഏക എയര്‍പോര്‍ട്ടായി കൊച്ചി മാറും.
ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. കൊച്ചി-ലണ്ടന്‍ വിമാനയാത്രയ്ക്ക് ഏകദേശം 10 മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്. കൊച്ചി എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കേരള സര്‍ക്കാരിന്റെയും ശ്രമഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമാകുന്നത്.
യു.കെ. ഈ മാസം ആദ്യം ഇന്ത്യയെ റെഡ്ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ആമ്പര്‍ ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് സഞ്ചാര വിലക്ക് നിങ്ങീയതോടെ ഓഗസ്റ്റ് 18ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനം എടുക്കുന്നത്.