കൊച്ചിയില്‍ തെരുവ്‌നായ്ക്കളെ കൊന്ന് കുഴിച്ചിട്ട സംഭവം; മൂന്ന് കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍


കാക്കനാട്: തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചിട്ട കേസിൽ മൂന്നു പേർ അറസ്റ്റിൽ. നായ്‌ പിടിത്തക്കാരും കോഴിക്കോട് സ്വദേശികളുമായ മാറാട് എസ്.കെ. നിവാസിൽ പ്രവീഷ് (26), പുതിയറ കല്ലുത്താൻകടവിൽ രഘു (47), തിരുവണ്ണൂർ കണ്ണാരിപ്പറമ്പിൽ രഞ്ജിത് കുമാർ (39) എന്നിവരെയാണ് കോഴിക്കോട് പോലീസിന്റെ സഹായത്തോടെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ വാൻ ഓടിച്ചിരുന്ന പള്ളിക്കര സ്വദേശി സൈജൻ ജോസഫ് നേരത്തെ പിടിയിലായിരുന്നു. പ്രവീഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇൻഫോപാർക്ക് സി.ഐ. ടി.ആർ. സന്തോഷ്, എസ്.ഐ.മാരായ വി.ബി. അനസ്, കെ.കെ. മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

തൃക്കാക്കര നഗരസഭയിലെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നായ്ക്കളെ കൊന്നതെന്ന് അറസ്റ്റിലായവർ മൊഴി നൽകി. ഇൻഫോപാർക്ക് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി തിങ്കളാഴ്ച ഉച്ചയോടെയെത്തി ചോദ്യം ചെയ്ത്‌ മൊഴികൾ രേഖപ്പെടുത്തി.

ചില നഗരസഭാ കൗൺസിലർമാർ നായ്‌ പിടിത്തക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തിയതായി അന്വേഷണത്തിൽ പോലീസിന് വ്യക്തമായി. ഇവരുടെ സഹായത്തോടെയാണ് കാക്കനാട് കമ്യൂണിറ്റി ഹാളിൽ പ്രതികൾക്ക് താമസസൗകര്യം ഒരുക്കിയതും. കേസിൽ ആദ്യം അറസ്റ്റിലായ നാലാം പ്രതിയായ വാൻ ഡ്രൈവറുടെ മൊഴിയെത്തുടർന്ന് കുഴിച്ചുമൂടിയ തെരുവുനായ്ക്കളുടെ ജഡങ്ങൾ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു.

പോലീസും ജില്ലാ പഞ്ചായത്തിന്റെ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ.) സംഘവും നടത്തിയ സംയുക്ത പരിശോധനയിൽ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നാണ് 30-ലേറെ ജഡങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോണ്ടിയെടുത്തത്. നായ്ക്കളെ കൊന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ പിടികൂടുകയായിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും നഗരസഭാ ഉദ്യോഗസ്ഥരെക്കൂടി ചോദ്യംചെയ്ത ശേഷം റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു.