കൊക്കയാറില്‍നിന്ന് ആറ് മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി; മഴക്കെടുതിയില്‍ മരണം 23 ആയി
മൂവാറ്റുപുഴ: തെക്കന്‍ ജില്ലകളില്‍ തകര്‍ത്തു പെയ്ത പേമാരിയുടെ ദുരിതമൊഴിയുന്നില്ല. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതേടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 23 ആയി.
ഷാജി ചിറയില്‍ (57), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (10), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. മൂന്ന് വയസുകാരനായ സച്ചു ഷാഹിലിനെയാണ് ഇവിടെ നിന്ന് കണ്ടാത്താനുള്ളത്. ഇവിടെ കാണാതായവരില്‍ അഞ്ചുപേരും കുട്ടികളാണ്.
ഉരുള്‍പൊട്ടലില്‍ കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് തുടരുന്ന മഴയാണ് രക്ഷാ പ്രവര്‍ത്തനം തടസപ്പെടുത്തിയത്.