കൈയ്യെത്തും ദൂരത്ത് ദിശയുണ്ട്; കോവിഡ് മഹാമാരിയാകട്ടെ കരുതലുണ്ട്, വിളിക്കുക, ടോള്‍ഫ്രീനമ്പര്‍ 1056, 104


തിരുവനന്തപുരം: ഇത് വരെ 1056 എന്ന നമ്പറില്‍ ലഭ്യമായിരുന്ന ദിശയുടെ സേവനങ്ങള്‍ ഇനി മുതല്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.


കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് ദിശയെ കോവിഡ് 19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹൈല്‍പ് ലൈനില്‍ ഇതുവരെ 10.5 ലക്ഷം കോളുകളാണ് ഇതുവരെ വന്നത്. കോവിഡ് കാലത്ത് 6.17 ലക്ഷം കോളുകളാണ് വന്നത്. പൊതു വിവരങ്ങള്‍, ക്വാറന്റൈന്‍, മാനസിക പിന്തുണ, ഡോക്ടര്‍ ഓണ്‍ കോള്‍, വാക്സിനേഷന്‍, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈന്‍ ലംഘിക്കല്‍, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏര്‍ളി ചൈല്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങള്‍ക്കും ദിശയിലേക്ക് വിളിക്കാവുന്നതാണ്.

കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി 2013 മാര്‍ച്ചിലാണ് ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 ആരംഭിച്ചത്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപനമാണ് ദിശ. തുടക്കത്തില്‍ 15 കൗണ്‍സിലര്‍മാരും 6 ഡസ്‌കുകളും മാത്രമുണ്ടായിരുന്ന ദിശയില്‍ കഴിഞ്ഞ കോവിഡ് കാലത്ത് കോളുകളുടെ എണ്ണം കൂടിയതോടെ ഡസ്‌കുകളുടെ എണ്ണം 30 ആക്കി വര്‍ദ്ധിപ്പിച്ചു. കോവിഡിന്റെ വ്യാപനം കുറഞ്ഞ സമയത്ത് കോളുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഡെസ്‌കുകളുടെ എണ്ണം 22 ആക്കി കുറച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ കോളുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. അങ്ങനെ ഡെസ്‌കുകളുടെ എണ്ണം 50 ആക്കി വര്‍ധിപ്പിച്ചു. 65 ദിശ കൗണ്‍സിലര്‍മാര്‍, 25 വോളണ്ടിയര്‍മാര്‍, 5 ഡോക്ടര്‍മാര്‍, 3 ഫ്ളോര്‍ മാനേജര്‍മാര്‍ എന്നിവരാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. പ്രതിദിനം 4500 മുതല്‍ 5000 വരെ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും.


യാത്ര സഹായം, ഭക്ഷ്യ വിതരണം, പ്രദേശിക സഹായം എന്നിവയ്ക്കായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍, പോലീസ്, സപ്ലൈ ഓഫീസര്‍മാര്‍, കോവിഡ് റിപ്പോര്‍ട്ടിംഗിനായും വൈദ്യ സഹായത്തിനായും സംസ്ഥാന, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുകള്‍, അതിഥി തൊഴിലാളികള്‍ക്കായി വാര്‍ റൂം, ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, എംപാനല്‍ഡ് ഡോക്ടര്‍മാര്‍, സൈക്യാര്‍ട്ടിസ്റ്റുമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുമായി ചേര്‍ന്നാണ് ദിശ പ്രവര്‍ത്തിച്ചു വരുന്നത്.