കൈപ്പാട്ട് ബ്രാൻഡ് അരി വിപണിയില്‍


കൊയിലാണ്ടി: കടലിനോടും പുഴകളോടും ചേര്‍ന്ന് ഉപ്പുവെളളം നിറഞ്ഞു കിടക്കുന്ന കൈപ്പാട് നിലങ്ങലില്‍ ഉല്‍പ്പാദിപ്പിച്ച കൈപ്പാട് അരി കോഴിക്കോട് ജില്ലയില്‍ വില്‍പ്പനയ്ക്ക് എത്തി. കീഴരിയൂരില്‍ കൈപ്പാട് അരി വിപണിയില്‍ ഇറക്കുന്ന ചടങ്ങ് കൈപ്പാട് വികസന ഏജന്‍സി ഡയരക്ടര്‍ ഡോ.ടി.വനജ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കടലിനോടും പുഴകളോടും ചേര്‍ന്ന് കിടക്കുന്ന പാടങ്ങളിലാണ് ഏഴോം ഇനത്തില്‍പ്പെട്ട നെല്‍കൃഷി ചെയ്യുന്നത്. കൈപ്പാട് അരിയ്ക്ക് 2014ല്‍ ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ട്. 2010ല്‍ കൈപ്പാട് സംരക്ഷണത്തിനും കൃഷി പ്രോല്‍സാഹിപ്പിക്കാനുമായി മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഈ സൊസൈറ്റിയ്ക്കാണ് കൈപ്പാട് അരിയുടെ വില്‍പ്പനാധികാരം.

കീഴരിയൂരില്‍ കാര്‍ഷിക കര്‍മ്മസേന ഓഫീസില്‍ കൈപ്പാട് അരി ലഭ്യമാണ്. കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഐ.സജീവന് അരി നല്‍കി ഡോ.ടി.വനജ ആദ്യ വില്‍പ്പന നടത്തി. കീഴരിയൂര്‍ കൃഷി ഓഫീസര്‍ എന്‍.കെ.മൊയ്തീന്‍ഷാ, എം.കെ.സുകുമാരന്‍, ഒ.വി.വിജയന്‍, ഹാരിഫ് പ്രഭാത്, രാജേന്ദ്രപ്രസാദ് എന്നിവര്‍ പങ്കെടുത്തു. കൈപ്പാട് അവില്‍, പുട്ടുപൊടി എന്നിവയും വില്‍പ്പനയ്ക്കുണ്ട്. 100 രൂപയാണ് കൈപ്പാട് അരിയുടെ വില.