കോഴിക്കോട് കോര്‍പ്പറേഷനില്‍ കരാര്‍ നിയമനമെന്ന പേരില്‍ വ്യാജ പ്രചാരണം: അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി, ശമ്പളം 18,000; ഉദ്യോഗാര്‍ത്ഥികള്‍ സൂക്ഷിക്കുക!


കോഴിക്കോട്: കോർപറേഷൻ ഓഫിസിൽ 2021–22ൽ എണ്ണൂറിലധികം ഒഴിവുകളുണ്ടെന്ന് പ്രചരിപ്പിച്ചു വൻ ജോലി തട്ടിപ്പിനു ശ്രമം. കോർപറേഷന്റേതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ സ്വകാര്യ വെബ്സൈറ്റിൽ വ്യാജ ഓൺലൈൻ പരസ്യം നൽകിയാണു തട്ടിപ്പ്. ഇതു ശ്രദ്ധയിൽപെട്ട കോർപറേഷൻ സെക്രട്ടറി പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി.

കോർപറേഷൻ ഓഫിസിൽ ക്ലാർക്ക്, പ്യൂൺ തുടങ്ങിയ വിവിധ തസ്തികകളിലായി 821 ഒഴിവുകളുണ്ടെന്നാണു സ്വകാര്യ വെബ്സൈറ്റ് ലിങ്ക് വഴി നൽകിയ പരസ്യത്തിൽ പറയുന്നത്. ലിങ്ക് സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലിങ്കിൽ കയറിയാൽ, കരാർ നിയമനമാണെന്നും ഓൺലൈനായി അപേക്ഷിക്കണമെന്നും കാണാം. വിവിധ തസ്തികകളിലേക്ക് പ്ലസ് ടു പാസായവർ മുതൽ ബിരുദധാരികൾ വരെയുള്ളവർക്ക് അപേക്ഷിക്കാമെന്നും പ്രായപരിധി 18നും 50നും ഇടയിലായിരിക്കണമെന്നും 18,000 രൂപ ശമ്പളവും നിത്യേന യാത്രാ ബത്തയായി 150 രൂപയും നൽകുമെന്നും പറഞ്ഞിട്ടുണ്ട്.

പരീക്ഷകളൊന്നുമില്ലാതെ നേരിട്ടു നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതെന്നും അപേക്ഷകരിൽ ചില വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കിയതായും പരസ്യത്തിൽ പറയുന്നു. ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റെന്നു തോന്നിപ്പിക്കുന്ന സൈറ്റിലേക്കാണ് കയറുന്നത്. 7 മാസം മുൻപുള്ള പരസ്യം എന്നു പറഞ്ഞാണ് ഈ ലിങ്ക് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

പരസ്യം വ്യാജമാണെന്നു കാണിച്ചാണ് കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി സൈബർ പൊലീസ് സെല്ലിൽ പരാതി നൽകിത്. സാമ്പത്തിക തട്ടിപ്പ് ഉദ്ദേശിച്ചാണു വ്യാജ പരസ്യം നൽകിയിരിക്കുന്നതെന്നും അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോർപറേഷൻ സെക്രട്ടറി ആവശ്യപ്പെട്ടു. വ്യാജ പരസ്യം കണ്ട് കോർപറേഷൻ ഓഫിസിൽ ഒട്ടേറെ പേർ തൊഴിൽ അന്വേഷിച്ചു വരുന്നുണ്ടെന്നും ഫോണിൽ വിളിക്കുന്നുണ്ടെന്നും ഇതു കോർപറേഷൻ ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും അവർ പരാതിയിൽ പറഞ്ഞു.