കേരളത്തിൽ നിന്ന് നീലഗിരിയിൽ എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം


ഗൂഡല്ലൂർ: കേരളത്തിൽ നിന്ന് നീലഗിരിയിൽ എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. നാടുകാണി, ചോലാടി, താളൂര്‍, പാട്ടവയല്‍ എന്നീ ചെക്കുപോസ്റ്റുകളില്‍ ബുധനാഴ്ച മുതല്‍ കോവിഡ് ടെസ്റ്റ്‌ പരിശോധന തുടങ്ങി. പ്രധാനമായും കേരളത്തില്‍ നിന്ന് നീലഗിരിയിലേക്ക് വരുന്ന എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് നീലഗിരി ജില്ല കലക്ടര്‍ ജെ.ഇന്നസെന്‍റ് ദിവ്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതിനായി എല്ലാ അതിര്‍ത്തി ചെക്കുപോസ്റ്റിലും കോവിഡ് പരിശോധനക്കായി ആരോഗ്യ വിഭാഗത്തിനെ നിയോഗിച്ചതായും ഉത്തരവിൽ പറയുന്നു. 72 മണിക്കൂര്‍വരെയൂള്ള കോവിഡ് നെഗറ്റീവ് ഫലം കൈവശമുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ല.

ഇതിനിടെ ജില്ലയില്‍ രണ്ടു സ്വകാര്യ സ്​കുളിലെ അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ പഠിപ്പിക്കുന്ന സ്​കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് പരിശോധന നടത്തിയതില്‍ മറ്റാര്‍ക്കും ബാധിച്ചിട്ടില്ലന്ന് കലക്ടര്‍ വ്യക്തമാക്കി.