കേരളത്തില്‍ വാക്സിന് എടുത്തവര്‍ ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപ
തിരുവനന്തപുരം: കൊവിഡ് വാക്സിന് എടുത്തവര്‍ ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നതെന്നും മുന്‍പും ഇത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി.
വാക്സിന് എടുത്തവര്‍ 400 രൂപ എന്ന നിരക്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക എന്ന നിലയില്‍ ഒരു സോഷ്യല്‍ മീഡിയ പ്രചാരണം നടക്കുന്നുണ്ട്. അതെപ്പറ്റി എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. അതിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
”അതാണ് നമ്മുടെ നാടിന്റെ ഒരു പ്രത്യേകത. ഇത് നമ്മുടെ നാടല്ലേ? കേരളമല്ലേ? കേരളത്തിന്റെ കൂട്ടായ്മയുടെ ഒരു ശക്തി നമ്മള് ഇതിനു മുന്‍പും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ ഒരു ഘട്ടത്തില്‍ സ്വാഭാവികമായി ഇത്തരം ഒരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ടുവരുന്നു എന്നുള്ളതാണ് നമ്മള് കാണേണ്ട ഒരു കാര്യം. അപ്പോള്‍, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ് ”