കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു


തിരുവനന്തപുരം: കേരളത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു. രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിശദീകരണം. അതേസമയം ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധന ഫലം ഇന്ന് പുറത്ത് വന്നേക്കും.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇരുപത് പേരാണ് മ്യൂക്കര്‍ മൈക്കോസിസ് അഥവ ബ്ലാക്ക് ഫംഗസ് ബാധയേ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കൂടുതലും രോഗികളുള്ളത്. രോഗലക്ഷണങ്ങളോടെ വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട പാലക്കാട് സ്വദേശി ഹംസ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാളുടെ ആന്തരിക പരിശോധനാ ഫലം ഇന്ന് പുറത്ത് വരാനാണ് സാധ്യത. വരും ദിവസങ്ങളില്‍ ഫംഗസ് ബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍ എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്ന് പേരാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് രണ്ട് പേര്‍ ചികിത്സയിലുണ്ട്. പാലക്കാട്, എറണാകുളം ജില്ലയില്‍ ഇതുവരെ മൂന്ന് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ 50000 ഡോസ് മരുന്ന് സംസ്ഥാനത്തേക്ക് എത്തിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. ബ്ലാക്ക് ഫംഗസിനെതിരായ മരുന്നായ ആംഫോടെറിസിന്‍ – ബിയുടെ ഉത്പാദനം കൂട്ടാനാണ് നടത്താനാണ് കേന്ദ്ര തീരുമാനം.