കേരളത്തില്‍ കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചോ? സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
തിരുവനന്തപുരം: കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. രണ്ടാം തരംഗം രൂക്ഷമായതിനാല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും അവ്യക്തത ഉണ്ട്. 45 വയസിന് മുകളിലുള്ളവര്‍ക്കായി മെഗാ വാക്സിനേഷന് ക്യാമ്പ് പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ശതമാനത്തിലേക്കെത്തി. ഈ സാഹചര്യത്തിലാണ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനക്കായി ഡല്‍ഹിയിലേക്കയച്ചു. ഫലം വന്നതിന് ശേഷം തുടര്‍നടപടി സ്വീകരിക്കും. കേസുകള്‍ കൂടുന്നതിനാല്‍ കൂടുതല്‍ പേരെ വാക്സിനേഷന് വിധേയമാക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. ക്രഷ് ദ കര്‍വ് പദ്ധതിയുടെ ഭാഗമായി പലയിടത്തും മെഗാ വാക്സിനേഷന് ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്.