കേരളത്തിലെ ചലച്ചിത്രമേളകൾ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വേദികളെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ; പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് സമാപനം


തിരുവനന്തപുരം: കേരളത്തിലെ ചലച്ചിത്രമേളകൾ വിയോജിപ്പ് പ്രകടിപ്പിക്കാനും അഭിപ്രായ സ്വാന്തന്ത്യ്രത്തിനുമുള്ള വേദിയെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ . സെൻസറിങ് ഇല്ലാതെയാണ് മേളകളിൽ ചിത്രങ്ങൾ പ്രദർശി പ്പിക്കുന്നത്.അത് സ്വാതന്ത്യ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മഹാമാരികൾ തളർത്തിയാലും കലാരംഗത്തിന് തളർച്ചയുണ്ടാകാതിരിക്കാൻ കേരളം ജാഗരൂകമാണെന്നും അദ്ദേഹം പറഞ്ഞു .

സിനിമകളിലൂടെയുള്ള അഭിപ്രായ സ്വാതന്ത്യ്രത്തിന് രാജ്യത്ത് ഔദ്യോഗിക പ്ലാറ്റ് ഫോം ഒരുക്കുന്ന സംസ്ഥാനം കേരളം മാത്രമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമാ വ്യവസായത്തെ ഒരു മികച്ച തൊഴിൽ രംഗമായി വളർത്തിയെടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു

ആറുദിനം നീണ്ട പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേള സമാപിച്ചു . 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും പ്രദർശിപ്പിച്ച മേളയിൽ അൻപതിലധികം വനിതാ സംവിധായകരുടെ ചിത്രങ്ങളും 200 ഓളം അതിഥികളും ആയിരത്തോളം പ്രതിനിധികളും പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


സമകാലിക മലയാള കാഴ്ചയായി 61 മലയാള ചിത്രങ്ങളും 25 ലധികം ക്യാംപസ് ചിത്രങ്ങളും പ്രദർശിപ്പിച്ച മേളയിലെ ആകർഷക ഘടകമായി ഏകാന്തതയും അതിജീവനവും എന്ന പാക്കേജും പ്രദർശിപ്പിച്ചു. ചലച്ചിത്ര അക്കാഡമി നടത്തിയ തിരക്കഥാ മത്സരത്തിൽ സമ്മാനം നേടിയ കഥകളെ ആധാരമാക്കി നിർമ്മിച്ച ഈ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടി . മിക്ക ചിത്രങ്ങളും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.

പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ ആനിമേഷൻ ചിത്രങ്ങൾ, മ്യൂസിക്ക് വീഡിയോകൾ എന്നിവയും മേളയ്ക്ക് മാറ്റു കൂട്ടി.

മികച്ച കഥാചിത്രം മൈ മദർസ്‌ ഗേൾ ഫ്രണ്ട്, ഡോക്യൂമെന്ററി അറ്റ് ഹോം വാക്കിങ്

പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം അറ്റ് ഹോം വാക്കിങ് നേടി. മനുഷ്യ ജീവിതത്തിന്റെ വേഗതയേയും പുരോഗതിയേയും അന്വേഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മൈ മദർസ്‌ ഗേൾ ഫ്രണ്ട് ആണ് മേളയിലെ മികച്ച കഥാചിത്രം. മറാത്തി സംവിധായകനായ അരുൺ ഫുലാര ആണ് ചിത്രത്തിന്റെ സംവിധായകൻ .

സ്ത്രീകളുടെ മേലുള്ള പുരുഷാധിപത്യം ചർച്ചചെയ്യുന്ന ടെസ്റ്റിമോണി ഓഫ് അനയാണ് മേളയിലെ മികച്ച ഷോർട്ട് ഡോക്കുമെന്ററി.സച്ചിൻ ധീരജ് മുടിഗോണ്ടയാണ് ചിത്രം ഒരുക്കിയത് . ദി ലാസ്റ്റ് മാൻ ലോങ് ഡോക്യൂമെന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി . ദക്സിൻ കുമാർ ബജ്‌റംഗി ആണ് ചിത്രത്തിന്റെ സംവിധായകൻ. രണ്ടാമത്തെ മികച്ച ഷോർട്ട് ഡോക്യൂമെന്ററിക്കുള്ള പുരസ്ക്കാരം മലയാള ചിത്രമായ മാറ്റിവച്ച പങ്ക് ,റാപ്പർ എന്നീ ചിത്രങ്ങൾ പങ്കിട്ടു. കൽസുബൈ എന്ന ചിത്രം ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

കൗമാരങ്ങളുടെ സവിശേഷ ജീവിതം അടയാളപ്പെടുത്തിയ ക്യാറ്റ് ഡോഗ് ആണ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായത് . അഷ്മിത ഗുഹയാണ് ചിത്രത്തിന്റെ സംവിധായിക. സൈക്കിൾ എന്ന ചിത്രം ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

മാക്മർ സംവിധാനം ചെയ്ത ബേണും രാജ് ഗോവിന്ദ് സംവിധാനം ചെയ്തഅൺ സീൻ വോയ്സസുമാണ് മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്ക്കാരം പങ്കിട്ടത് . നിഖിൽ എസ് പ്രവീൺ ആണ് മേളയിലെ മികച്ച ഡോക്യൂമെന്ററി ഛായാഗ്രാഹകൻ .എ ബിഡ് ഫോർ ബംഗാളിന്റെ എഡിറ്റർ ഋതു പർണസാഹാ ലോങ് ഡോക്യൂമെന്ററി വിഭാഗത്തിൽ മികച്ച ചിത്ര സംയോജകനായി തെരഞ്ഞെടുക്കപ്പെട്ടു. ലോങ്ങ് ഡോക്യൂമെന്ററി വിഭാഗത്തിൽ ഹോം അഡ്രസ്സ് ,വൺസ് അപ്പോൺ എ വില്ലേജ് എന്നീ ചിത്രങ്ങൾ ജൂറി പരാമർശം നേടി .ചടങ്ങിൽ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ രഞ്ജൻ പാലിത്തിനു വേണ്ടി നാച്ചിമുത്തു പുരസ്‌കാരം ഏറ്റുവാങ്ങി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.