കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ‘സജ്ജം’ പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി വി.ശിവന്‍കുട്ടി
മേപ്പയ്യൂര്‍: കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ സൗജന്യ വൈഫൈ (സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ) ഒരുക്കുന്ന പഞ്ചായത്തായി മേപ്പയൂര്‍. സജ്ജം പദ്ധതിയിലൂടെയാണ് പഞ്ചായത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.
മേപ്പയൂര്‍ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി മാതൃകാപരമാണെന്നും മറ്റു പഞ്ചായത്തുകള്‍ക്ക് നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. മേപ്പയൂര്‍ ടികെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന
ചടങ്ങില്‍ ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കി വിദ്യാഭ്യാസ കേരളത്തിന് മാതൃകയാവുകയാണ് 17 വാര്‍ഡുകളുള്ള മേപ്പയൂര്‍ പഞ്ചായത്ത്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമോ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് പരമാവധി 5 മിനിറ്റു നടന്നാല്‍ സൗജന്യ വൈഫൈ കേന്ദ്രത്തിലെത്താം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊത്തം 62 പൊതു വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 250 വിദ്യാര്‍ഥികള്‍ക്കായി 20 ലക്ഷം രൂപയുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി.
നെറ്റ്‌വര്‍ക്ക് സേവനദാതാക്കളെ ഉള്‍പ്പെടുത്തിയുള്ള പ്രശ്‌നപരിഹാര ചര്‍ച്ച, നെറ്റ്‌വര്‍ക്ക് പ്രശ്‌നം നേരിടുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച വിവരശേഖരണം, കേബിള്‍ സേവന ദാതാക്കളുമായുള്ള ധാരണ, സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുമായുള്ള ആശയവിനിമയം, വിവിധ തലങ്ങളിലായി നടത്തിയ നൂറിലേറെ യോഗങ്ങള്‍ എന്നിവയ്ക്കു ശേഷമാണു പദ്ധതി ലക്ഷ്യത്തിലെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് നോഡല്‍ ഓഫിസര്‍ വി.പി.സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പിലാക്കിയത്.
നോഡല്‍ ഓഫീസര്‍ വി.പി.സതീശന്‍ റിപ്പാര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ സ്വാഗതവും ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിസന്റ് എം. പി. ശിവാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ കെ.പി.ഗോപാലന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.എം.ബാബു, ദുല്‍ഖിഫില്‍ ബ്ലോക്ക് മെമ്പര്‍ രമ്യ കെ.പി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റാബിയ എടത്തിക്കണ്ടി, എ.ഇ.ഒ.ടി.ഗോവിന്ദന്‍, ബി.പി.സി – വി.അനുരാജ്, പി.ടി.എ. പ്രസിസന്റ കെ.രാജിവന്‍, പഞ്ചായത്ത് ജെ. എസ് ശ്രീലേഖ, പി.ഇ.സി.കണ്‍വീനര്‍ ഇന്‍ ചാര്‍ജ് ആശ ഇ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.