കേരളത്തിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്ക്


കൊച്ചി: സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അബുദാബി വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.

തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ദില്ലിയിലും സാംപിള്‍ പരിശോധന നടത്തിയ ശേഷമാണ് കേരളത്തില്‍ ഒമിക്രോണ്‍ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

യുകെയില്‍ നിന്നും അബുദാബിയില്‍ എത്തിയ യാത്രക്കാരന്‍ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം കോവിഡ്‌ പൊസീറ്റിവായത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിള്‍ പരിശോധന ഫലം കവരാനുണ്ട്.ഇദ്ദേഹത്തിന്റെ ഭാര്യയുടെ അമ്മ നിലവില്‍ നിരീക്ഷണത്തിലാണ്.

അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച എല്ലാവരോടും ഇതിനോടകം സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 150 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഇദ്ദേഹത്തിന്റെ അടുത്ത സീറ്റുകളില്‍ ഇരുന്നവരേയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ആറാം തീയതി അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നത്. 26 മുതല്‍ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെടുത്തി ക്വാറന്റൈന്‍ ചെയ്തത്. യുകെയില്‍ സ്ഥിരതാമസമാക്കിയ ആളാണ് രോഗബാധിതന്‍ എന്നാണ് വിവരം.