കേരളത്തിന് മാതൃകയായി മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ സജ്ജം പദ്ധതി: പൂര്‍ത്തിയാക്കിയത് 62 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍


മേപ്പയ്യൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ‘സജ്ജം’ പദ്ധതി. പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പുവരുത്തുന്ന പൊതു വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതോടെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ സൗജന്യ വൈഫൈ പഞ്ചായത്ത് എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 25 അംഗനവാടികള്‍, ശിശുമന്ദിരം, 36 ഗ്രന്ഥാലയങ്ങളും ക്ലബ്ബും ഉള്‍പ്പെടെ 62 കേന്ദ്രങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. 62 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ പ്രവര്‍ത്തന സജ്ജമായെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ ഉദ്ഘാടനം നടക്കാനുണ്ട്. വരുംദിവസങ്ങളില്‍ ഉദ്ഘാടനപരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഓണ്‍ലൈന്‍ പഠനകാലത്ത് ഡിജിറ്റല്‍ ഡിവൈഡ് പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഓണ്‍ലൈന്‍ പഠനം പൂര്‍ണമായും ഫലപ്രദവും കാര്യക്ഷമവുമായി നടപ്പിലാക്കാന്‍ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഡിവൈസ് ലഭ്യമാക്കുക, ആവശ്യമായ വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.