കേരളത്തിന്‍റെ അഭിമാനമായി കക്കട്ടിലെ കുട്ടിത്താരം; ഗുവാഹട്ടിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഹൈജമ്പില്‍ സ്വര്‍ണമെഡല്‍ നേടി അഷ്മിക


കക്കട്ടില്‍: ആസാമിലെ ഗുവാഹത്തിയിൽ നടന്ന മുപ്പത്തിയേഴാമത് ദേശീയ ജൂനിയർ അത് ലെറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേട്ടത്തോടെ കേരളത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് കക്കട്ടിൽകാരി അഷ്മിക. അണ്ടർ 14 വിഭാഗത്തിൽ ഹൈജമ്പിലാണ് അഷ്മിക മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. 1.46 മീറ്റർ ഉയരത്തിൽ ഹൈജമ്പ് ചാടിയാണ് വിജയമുറപ്പിച്ചത്.

തന്റെ അത്ലെറ്റിക് മേഖലയിലേക്കുള്ള കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും മലബാർ സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടുന്ന ജേഷ്ഠൻ അഭിജിത്തിനെ കാണാൻ പുല്ലൂരാമ്പാറയിലെ അക്കാദമിയിലേക്ക് രക്ഷിതാക്കൾക്കൊപ്പമുള്ള പോക്കാണ് വഴിത്തിരിവായതെന്നും അഷ്മിക വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

അഷ്മിതയുടെ ഹൈജമ്പ് ചെയ്യാൻ സഹായകമാവുന്ന രീതിയിലുള്ള നീളവും താൽപര്യവും തിരിച്ചറിഞ്ഞ മലബാർ സ്പോർട്സ് അക്കാദമിയിലെ പരിശീലകനാണ് സഹോദരനൊപ്പം അഷ്മികയെ ക്കൂടി പരിശീലിപ്പിച്ചാൽ ഗുണകരമാകുമെന്ന് രക്ഷിതാക്കളോട് പറയുന്നത്. രണ്ട് കുട്ടികളെ അക്കാദമിയിൽ വിട്ട് പരിശീലനം നൽകാനുള്ള ചിലവ് താങ്ങാനാത്ത അവസ്ഥയിലായിരുന്നു കുടുംബം. അക്കാദമിയിലെ ഹോസ്റ്റലിൽ അമ്മ ബിജിക്ക് ജോലി നൽകി , അവർക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം കുട്ടികളുടെ ഫീസിനത്തിൽ ഈടാക്കാമെന്ന തീരുമാനമെടുത്ത് അക്കാദമി ക്കാർ ആ പ്രശ്നത്തിന് പരിഹാരം കണ്ടു.
ആ തീരുമാനം തരിമ്പ് പോലും തെറ്റിയിട്ടില്ലെന്നാണ് അവിടുന്നങ്ങോട്ടുള്ള ആ കൊച്ചു മിടുക്കിയുടെ വളർച്ച തെളിയിക്കുന്നത്.

മുൻപും സബ് ജില്ലാ , ജില്ലാ , സംസ്ഥാന തല മത്സരങ്ങളിലും ഇന്റർ ക്ലബ് മത്സരങ്ങളിലും ഹൈജമ്പ് ലോങ്ങ് ജമ്പ് വിഭാഗത്തിൽ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി മെഡലുകൾ സ്വന്തമാക്കുകയും റെക്കോർഡ് തിരുത്തിക്കുറിക്കുകയും ചെയ്ത പ്രതിഭയാണ് രശ്മിക .

മത്സരത്തിന്റെ ഭാഗമായി ആസാമിലും ആന്ധ്രാപ്രദേശിലും സഞ്ചരിച്ചിട്ടുമുണ്ട്.
മത്സരങ്ങളിൽ പങ്കെടുക്കാൻ ദൂരസ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് ഉൾപ്പെടെയുള്ള ചിലവുകൾ പലപ്പോഴും ബാധ്യതയാറുണ്ട്. കേരളത്തിന് വേണ്ടി സ്വർണം കൊയ്യാൻ പോയ ഈ യാത്രയിൽ സ്നേഹവും സാമ്പത്തിക പിന്തുണയുമായി ഏതാനും പേർ കൂടെ നിന്നത് അഷ്മികയ്ക്കും കുടുംബത്തിനും വലിയ ആശ്വാസമായിരുന്നു.

കക്കട്ടിൽ സ്വദേശികളായ ഭാസ്കരൻ ബിജി ദമ്പതികളുടെ മകളാണ് അഷ്മിക.
ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണുന്ന അഷ്മിക തിളക്കമാർന്ന കൂടുതൽ നേട്ടങ്ങൾ സ്വന്ത്വമാക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

Summary: ASHMIKA C P from Kerala Won Girls U14 High Jump Gold 1.46m at 37th National junior Athletics Championships 2022